കൊല്ലം: ഗാന്ധി സ്മരണകള്‍ പുതുതലമുറയ്ക്ക് പകര്‍ന്നു നല്‍കിയ ചിത്ര പ്രദര്‍ശനം, പ്രഭാഷണം എന്നിവയോടെ ജില്ലാതല ഗാന്ധിജയന്തി വരാഘോഷത്തിന് സമാപനം. ഓച്ചിറ സര്‍ക്കാര്‍ ഐ ടി ഐ യിലാണ് യൂത്ത് പ്രൊമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ചിത്ര പ്രദര്‍ശനം ഒരുക്കിയത്.
ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ്, വിവിധ ഗാന്ധിയന്‍ സംഘടനകള്‍, സര്‍ക്കാര്‍ ഐ ടി ഐ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടികളുടെ ഉദ്ഘാടനം ഗാന്ധിദര്‍ശന്‍ പുരസ്‌കാര ജേതാവും പരിസ്ഥിതി പ്രവര്‍ത്തകനുമായ ശ്രീമന്‍ നാരായണന്‍ നിര്‍വഹിച്ചു.
ഗാന്ധിയന്‍ മൂല്യങ്ങള്‍ക്ക് വലിയ പ്രാധാന്യമുള്ള കാലഘട്ടമാണിതെന്ന് അദ്ദേഹം പറഞ്ഞു. പരിസ്ഥിതി സൗഹൃദ വസ്തുക്കളുടെ ഉപയോഗം വര്‍ധിപ്പിച്ച് പ്രകൃതിയിലേക്ക് മടങ്ങാനുള്ള ഗാന്ധിജിയുടെ സന്ദേശം പ്രാവര്‍ത്തികമാക്കാമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
സംസ്ഥാന യൂത്ത് പ്രൊമോഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ സുമന്‍ജിത് മിഷ അധ്യക്ഷനായി.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അജോയ് മുഖ്യ പ്രഭാഷണം നടത്തി. ഗാന്ധിദര്‍ശന്‍ സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ജി. മഞ്ജുക്കുട്ടന്‍, ജോയിന്റ് കണ്‍വീനര്‍ ബെറ്റസണ്‍ വര്‍ഗീസ്, ഐ. ടി. ഐ പ്രിന്‍സിപ്പല്‍ പി. എസ്. സാജു, ഇന്‍സ്ട്രക്ടര്‍ സി. എസ്. സുഭാഷ് തുടങ്ങിയവര്‍ സംസാരിച്ചു.വാരാഘോഷം സംഘാടന മികവിനു അയണിവേലി കുളങ്ങര ജോണ്‍ എഫ് കെന്നഡി മെമ്മോറിയല്‍ സ്‌കൂളിന് സമ്മാനം നല്‍കി.