നെഹ്റുവും എകെജിയും പാലാനാരായണൻ നായരും വള്ളത്തോളും കടന്നുവന്ന ദീർഘമായ പ്രസംഗമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ ലോക കേരള സഭയിൽ നടത്തിയത്. പാലാ നാരായണൻ നായരുടെ ‘കേരളം വളരുന്നു; പശ്ചിമഘട്ടങ്ങളെ കേറിയും കടന്നും ചെന്ന് അന്യമാംദേശങ്ങളിൽ’ എന്ന വരികളോടെയാണ് മുഖ്യമന്ത്രി ആരംഭിച്ചത്. കേരളം വിശ്വചക്രവാളങ്ങളോളം വളരുന്ന കാലമാണു കടന്നുപോയതെന്ന് കവിയെ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു
ജനാധിപത്യമെന്നത് ദൂരെനിന്ന് ആരാധനാപൂർവം നോക്കിത്തൊഴാനുള്ള ശ്രീകോവിലല്ല. മറിച്ച് അകമേ കടന്നുചെന്ന് സാമൂഹ്യമാറ്റത്തിനുവേണ്ടി ഇടപെടേണ്ട പ്രവൃത്തിമണ്ഡലമാണെന്ന് ചൂണ്ടിക്കാട്ടിയ മഹാനാണ് എ കെ ജി യെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എ കെ ജിയെ സംബന്ധിച്ചിടത്തോളം, പുറത്ത് ജീവിക്കാൻ വേണ്ടി പോരാടുന്നവരുടെ മനോവികാരം അലയടിക്കേണ്ട സ്ഥലമായിരുന്നു പാർലമെന്റ്. മന്ത്രങ്ങളോ കീർത്തനങ്ങളോ അപദാനങ്ങളോ മുഴക്കേണ്ട ഇടമല്ലായിരുന്നു. എ കെ ജി കാട്ടിയ വഴിയേ തന്നെയാണ് പാർലമെന്റ് പിന്നീട് സഞ്ചരിച്ചത്. ജനവികാരം അവിടെ അലയടിച്ചു. ലോക കേരളസഭയിലും അതുതന്നെയാണുണ്ടാവേണ്ടത്. ലോകത്തെമ്പാടുമുള്ള മലയാളിയുടെ ആശയാഭിലാഷങ്ങളും മാറ്റത്തിനുവേണ്ടിയുള്ള വാഞ്ഛകളുമാവണം ഇവിടെ പ്രതിഫലിക്കേണ്ടത്.
ലോകമേ തറവാട് എന്നു പറഞ്ഞ് ശീലിച്ച ഒരു സംസ്‌കാരമാണ് നമ്മുടേത്. ‘വസുധൈവ കുടുംബകം’ എന്നും ‘യെത്ര വിശ്വം ഭവത്യേക നീഡം’ എന്നും ഒക്കെ പണ്ടേ പറഞ്ഞിട്ടുള്ള ഒരു ജനതയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘ഏതു വിദേശത്തുപോയി വസിച്ചാലും
ഏകാംബ പുത്രരാം കേരളീയർ’ എന്ന മഹാകവി വള്ളത്തോളിന്റെ വരികളും മുഖ്യമന്ത്രി ഉദ്ധരിച്ചു. മലയാളിസമൂഹമാകെ ഒരമ്മയുടെ മക്കളാണ് എന്ന് വള്ളത്തോൾ മുന്നോട്ടു വച്ച ചിന്തയാണ് ലോക കേരള സഭ രൂപീകരണത്തിൽ പ്രതിഫലിച്ചത്
മാനവികതാവാദിയാവാൻ ആദ്യം സാർവദേശീയ വാദിയാവണമെന്നും സാർവദേശീയതാവാദിയാവാൻ ആദ്യം സ്വന്തം നാടിനെക്കുറിച്ച് സ്നേഹമുള്ളവരാകണമെന്ന ചൊല്ലും മുഖ്യമന്ത്രി പ്രസംഗത്തിലുൾപ്പെടുത്തിയിരുന്നു. പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ
‘Democracy and Socialism are means to an end, not the end itself’ പ്രസ്താവനയോടെയാണ് മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.