ലോകമൊട്ടാകെയുള്ള പ്രവാസികളുടെ പൊതുവേദിയായി ലോക കേരള സഭ നിലവിൽ വന്നു. നിയമസഭാ മന്ദിരത്തിൽ ഇന്ന് പ്രഥമ സമ്മേളനം ദേശീയഗാനാലാപനത്തോടെ 9.30 ന് ആരംഭിച്ചു. സഭാ സെക്രട്ടറി ജനറൽ പോൾ ആന്റണി സഭാ രൂപീകരണ പ്രഖ്യാപനം നടത്തി. തുടർന്ന് അദ്ദേഹം സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ, സഭാ നേതാവ് മുഖ്യമന്ത്രി പിണറായി വിജയൻ, ഉപനേതാവ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവരെ പ്രസീഡിയത്തിന്റെ നേതൃത്തിലേക്ക് ക്ഷണിച്ചു. തുടർന്ന് സ്പീക്കർ സഭാനടത്തിപ്പ് സംബന്ധിച്ച പ്രഖ്യാപനം നടത്തി. സഭാനേതാവ്, ഉപനേതാവ് എന്നിവരോട് കൂടിയാലോചന നടത്തി പ്രസീഡിയത്തിലേക്ക് തിരഞ്ഞെടുത്ത ഡെപ്യൂട്ടി സ്പീക്കർ വി.ശശി, ആന്റോ ആന്റണി എം.പി, എം.എ യൂസഫലി, എം.അനിരുദ്ധൻ, സി.പി ഹരിദാസ്, രേവതി എന്നിവരെ വേദിയിലേക്ക് ക്ഷണിച്ചതോടെ സഭ നടപടിക്രമത്തിലേക്ക് പ്രവേശിച്ചു. കേരളം ലോകത്തിന് നൽകിയ പലമാതൃകൡ ഏറെ സവിശേഷമാണ് ലോക കേരള സഭാ രൂപീകരണം എന്ന് സ്പീക്കർ പറഞ്ഞു. ഇത്തരമൊരു നൂതനമായ പരിശ്രമത്തിന് സർക്കാരിനെയും അതിനോട് സഹകരിച്ച പ്രതിപക്ഷത്തെയും സ്പീക്കർ അഭിനന്ദിച്ചു. തുടർന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിനായി മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചു ലോക കേരള സഭ പരിഗണിക്കേണ്ട വിഷയങ്ങൾ മുഖ്യമന്ത്രി സഭ മുമ്പാകെ അവതരിപ്പിച്ചു. ഇതിനുശേഷം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സംസാരിച്ചു. തുടർന്ന് ലോക കേരളത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ പി.ജെ കുര്യൻ, മുൻമുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ, എം.എ യൂസഫലി, രവി പിള്ള, സി.കെ മേനോൻ, ആസാദ് മൂപ്പൻ, കെ.പി മുഹമ്മദ്, ജോസ് കാനാട്ട്, ജയരാജ് തുടങ്ങിയവർ സംസാരിച്ചു.