സംസ്ഥാനത്തിന്റെ വികസന കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ എല്ലാ സഹകരണവും ഉണ്ടാകുമെന്ന് കേന്ദ്ര സ്ഥിതിവിവര-പദ്ധതി നിർവഹണ വകുപ്പ് മന്ത്രി ഡി.വി. സദാനന്ദ ഗൗഡ പറഞ്ഞു. തദ്ദേശ തലം മുതൽ മികച്ച പദ്ധതിയാസൂത്രണ, നിർവഹണ സംവിധാനമുള്ള സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു. കൈമനത്തെ നിർദിഷ്ട സ്റ്റേറ്റ് അക്കാഡമി ഓൺ സ്റ്റാറ്റിസ്റ്റിക്കൽ അഡ്മിനിസ്‌ട്രേഷൻ (സാസ) ന്റെ ശിലാസ്ഥാപനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മികച്ച രീതിയിൽ പദ്ധതി ആസൂത്രണം ചെയ്യുന്നതിനും നിർവഹിക്കുന്നതിനും കൃത്യമായ സ്ഥിതിവിവരക്കണക്കുകളുടെ ലഭ്യത അനിവാര്യമാണെന്നും സ്ഥിതിവിവര വകുപ്പ് ശാക്തീകരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും യോഗത്തിൽ അധ്യക്ഷത വഹിച്ച ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. അക്കാഡമിക്കുവേണ്ടി സ്ഥലം കണ്ടെത്തുന്ന കാര്യത്തിലുണ്ടായ നിയമ പ്രശ്‌നങ്ങളാണ് കെട്ടിടനിർമാണം ആരംഭിക്കാൻ കാലതാമസം വരുത്തിയത്. എന്നാൽ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് കൈമനം വിഷ്ണു നഗറിൽ ചിറക്കര പാലസിനു സമീപത്തുള്ള 40 സെന്റോളം സ്ഥലം അക്കാഡമിക്കുവേണ്ടി സർക്കാർ കണ്ടെത്തിക്കഴിഞ്ഞു. അക്കാഡമിയുടെ നിർമാണം കഴിയുന്നത്ര വേഗത്തിൽ പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു.
സ്ഥിതിവിവര ശേഖരണം മികവുറ്റതാക്കുന്ന സ്ഥാപനമെന്നതിലുപരി മികച്ച പ്രതിഭകളെ വാർത്തെടുക്കാനുതകുന്ന മികച്ച നിലവാരമുള്ള ഗവേഷണ സ്ഥാപനമായിക്കൂടി ഈ സ്ഥാപനത്തെ വളർത്തിയെടുക്കുമെന്നും ധനമന്ത്രി പറഞ്ഞു.
മേയർ വി.കെ. പ്രശാന്ത്, ഒ. രാജഗോപാൽ എം.എൽ.എ, കൗൺസിലർമാരായ എ.വിജയൻ, ആശാ നാഥ് ജി.എസ്., ആസൂത്രണ ബോർഡ് അംഗം ഡോ. കെ.എൻ. ഹരിപാൽ, ആസൂത്രണ, ധനകാര്യവകുപ്പ് സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ്, ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് ഡയറക്ടർ ജനറൽ വി. രാമചന്ദ്രൻ, സാസ ഡയറക്ടർ ഡോ. സുരേഷ് കുമാർ സി. തുടങ്ങിയവർ സംബന്ധിച്ചു.
