ശ്രീനാരായണ ട്രോഫി ജലോത്സവത്തിലൂടെ ശ്രദ്ധേയമായ കന്നേറ്റി കായലിന്റെ ടൂറിസം സാധ്യതകള്‍ക്ക് പ്രതീക്ഷ പകര്‍ന്ന് പവലിയന്റെയും കായലോര ടൂറിസത്തിന്റെയും ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു.
ജില്ലയില്‍ 27 കോടി രൂപയുടെ ടൂറിസം പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. അഷ്ടമുടിക്കായല്‍ കേന്ദ്രീകരിച്ച് വന്‍ ടൂറിസം പദ്ധതി സര്‍ക്കാരിന്റെ പരിഗണനയിലാണ്. കന്നേറ്റി, വട്ടക്കായലുകളുടെ ടൂറിസം സാധ്യതകളെ ഇതുമായി ബന്ധിപ്പിക്കും. കായല്‍ സൗന്ദര്യം ആസ്വദിക്കുന്നതിന് കന്നേറ്റി പവലിയനില്‍ നിന്നും ഹൗസ് ബോട്ട് അടക്കമുള്ള ബോട്ടിംഗ് ഇതിന്റെ ഭാഗമായിട്ടാണ് ആരംഭിച്ചിട്ടുള്ളത്. ശ്രീനാരായണ ജലോത്സവത്തിന് നേരത്തെ സര്‍ക്കാര്‍ സഹായം ഒരു ലക്ഷം രൂപ എന്നത് നാലു ലക്ഷമാക്കി ഉയര്‍ത്തിയിട്ടുണ്ട്. കന്നേറ്റി ജലോത്സവത്തിന് കൂടുതല്‍ സഹായം സര്‍ക്കാര്‍ നല്‍കും.
ടൂറിസം പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിലെ കാലതാമസം അനുവദിക്കാനാവില്ല. ഭരണാനുമതി ലഭിച്ചതിന് ശേഷവും ഭൂമിയുടെ ഉടമസ്ഥാവകാശത്തിന്റെ പേരിലും മറ്റ് കാരണങ്ങള്‍ കൊണ്ടും പദ്ധതി നിര്‍വഹണം നീളുന്നത് കെടുകാര്യസ്ഥതയാണ്. പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കാന്‍ കഴിഞ്ഞെങ്കില്‍ മാത്രമേ ടൂറിസം രംഗത്ത് മുന്നേറാന്‍ കഴിയൂയെന്ന് മന്ത്രി പറഞ്ഞു.

ആര്‍. രാമചന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനായി. കരുനാഗപ്പള്ളി നഗരസഭാ ചെയര്‍പേഴ്‌സണ്‍ എം ശോഭന, വൈസ് ചെയര്‍മാന്‍ ആര്‍. രവീന്ദ്രന്‍പിള്ള, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ എസ്. വസുമതി, പി. ശിവരാജന്‍, സുരേഷ് പനക്കുളങ്ങര, സുബൈദ കുഞ്ഞുമോന്‍, മഞ്ജു, വാര്‍ഡ് കൗണ്‍സിലര്‍ ശാലിനി കെ. രാജീവന്‍, ഡി.റ്റി.പി.സി സെക്രട്ടറി സി. സന്തോഷ്‌കുമാര്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കെ. രാജ്കുമാര്‍, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.