തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ടൂറിസം മേഖലയ്ക്ക് പ്രാമുഖ്യം നല്‍കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. ചവറ ടൈറ്റാനിയം ഗ്രൗണ്ടിന് സമീപം ടൂറിസം വകുപ്പ് പണി കഴിപ്പിച്ച വഴിയോര വിശ്രമ കേന്ദ്രം ടേക്ക്-എ-ബ്രേക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഒരു വിനോദ സഞ്ചാര കേന്ദ്രം വികസിക്കുമ്പോള്‍ ഉണ്ടാകുന്ന സാമ്പത്തിക അഭിവൃദ്ധി തദ്ദേശവാസികള്‍ക്ക് കൂടി ലഭ്യമാക്കുക എന്നതാണ് സര്‍ക്കാരിന്റെ ടൂറിസം നയം. തദ്ദേശ സ്ഥാപനങ്ങള്‍ ടൂറിസം പദ്ധതികളുമായി മുന്നോട്ട് വന്നാല്‍ നേരിട്ടുള്ള തൊഴിലവസരങ്ങളും അനുബന്ധ ഗുണങ്ങളും ഉണ്ടാകും. ടൂറിസം വകുപ്പിന്റെ സഹകരണവും പദ്ധതികള്‍ക്കുണ്ടാകും. ഏപ്രില്‍ മാസം ജഡായൂ പാറ തുറന്ന് കൊടുക്കുന്നതോടെ ജില്ലയില്‍ അനന്തമായ ടൂറിസം സാധ്യതകളാണ് ഉയര്‍ന്ന് വരാന്‍ പോകുന്നത്. ടൂറിസം രംഗത്ത് മൗലികമായ മാറ്റമാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി അറിയിച്ചു.

എന്‍. വിജയന്‍പിള്ള എം.എല്‍.എ അധ്യക്ഷനായി. ഡി.റ്റി.പി.സി അംഗം ജി. മുരളീധരന്‍, ചവറ പഞ്ചായത്ത് പ്രസിഡന്റ് എസ്. ശാലിനി, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമണിപിള്ള, ജില്ലാ പഞ്ചായത്തംഗം എസ്. ശോഭ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. നിയാസ്, ജെ. അനില്‍, ഹസീന, കറുകത്തല ഇസ്മയില്‍, മിനി, സുധാകുമാരി, ആര്‍. രവി, ഡി.റ്റി.പി.സി സെക്രട്ടറി സി. സന്തോഷ്‌കുമാര്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കെ. രാജ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.