ഹാജർ പരിഗണിക്കാതെ പത്ത് വർഷം പൂർത്തിയാക്കിയ മുഴുവൻ തൊഴിലാളികൾക്കും ഇ.പി.എഫ് പെൻഷൻ അനുവദിക്കുക, മിനിമം പെൻഷൻ 3,000 രൂപയായി ഉയർത്തുക, കമ്മ്യൂട്ടേഷൻ കാലാവധി കഴിഞ്ഞും മുഴുവൻ പെൻഷനും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കശുവണ്ടി വ്യവസായ മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ തൊഴിൽ വകുപ്പ് മന്ത്രി സന്തോഷ് കുമാർ ഗാങ്വാറിന് വീണ്ടും കത്തയച്ചു.

വ്യവസായ മേഖലയിലെ തൊഴിലാളികൾ നേരിടുന്ന പ്രശ്‌നങ്ങൾ ഉന്നയിച്ചുകൊണ്ട്  ജൂലൈയിൽ കേന്ദ്രമന്ത്രിയെ നേരിൽ കണ്ട് ചർച്ച നടത്തി നിവേദനം സമർപ്പിച്ചിരുന്നു. കേന്ദ്ര സർക്കാർ തൊഴിൽ നിയമത്തിൽ വരുത്തിയ മാറ്റങ്ങൾ കാരണം പത്ത് വർഷം കൊണ്ട് പി.എഫ് പെൻഷന് അർഹത നേടുന്നതിന് 3650 തൊഴിൽ ദിനങ്ങളെന്ന മാനദണ്ഡം പാലിക്കാൻ കഴിയില്ല. ഇക്കാരണത്താൽ പെൻഷൻ നിഷേധിക്കുന്നത് നീതിനിഷേധവും മനുഷ്യത്വരഹിതവുമാണ്.

ഇക്കാര്യത്തിൽ അടിയന്തിര ശ്രദ്ധചെലുത്തി തൊഴിലാളികൾക്ക് അർഹമായ ഇ.പി.എഫ് പെൻഷൻ ലഭിക്കുന്നതിന് മാനദണ്ഡങ്ങളിൽ കേന്ദ്രസർക്കാർ ഇളവ് വരുത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. കൂടാതെ അടുത്ത് ചേരാൻ പോകുന്ന ഇ.പി.എഫ് ബോർഡ് യോഗത്തിനുളള അജണ്ടയിൽ ഈ വിഷയം ഉൾപ്പെടുത്തണമെന്നും കശുവണ്ടി തൊഴിലാളികൾക്ക്
അനുകൂലമായ നിലപാട് സ്വീകരിക്കണമെന്നും മന്ത്രി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.