ആശുപത്രികളിൽ ഗുണനിലവാരം ഉറപ്പാക്കുന്നതിന്റ ഭാഗമായി നാഷണൽ ഹെൽത്ത് മിഷൻ മുഖേന നടപ്പിലാക്കുന്ന കായകല്പ അവാർഡുകൾ ഡൽഹിയിലെ ഇന്ത്യ ഹാബിറ്ററ്റ് സെന്ററിൽ നടന്ന ചടങ്ങിൽ കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷവർധൻ സമ്മാനിച്ചു. കേരളത്തിൽ നിന്നും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, കോഴിക്കോട് ബീച്ച് ആശുപത്രി എന്നീ ആശുപത്രികൾ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.

50 ലക്ഷം, 20 ലക്ഷം ആണ് യഥാക്രമം സമ്മാനത്തുക. അവാർഡ് ഏറ്റുവാങ്ങിയ ആശുപത്രികളിലെ ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ജീവനക്കാർ എന്നിവരെ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ അഭിനന്ദിച്ചു. ഗവണ്മെന്റ് ആശുപത്രികളിൽ ക്വാളിറ്റി സേവനങ്ങൾ ഉറപ്പാക്കുന്നതിനുള്ള സർക്കാർ പ്രവർത്തനങ്ങൾക്ക് പ്രചോദനമാണ് ഈ പുരസ്‌കാരങ്ങൾ. എല്ലാ ആശുപത്രികളും എൻ.ക്യു.എ.എസ്. ഗുണ നിലവാരത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള ചവിട്ടുപടിയാകട്ടെ ഈ അവാർഡുകളെന്ന് മന്ത്രി ആശംസിച്ചു.

താലൂക്ക് വിഭാഗത്തിൽ പാലക്കാട് കോട്ടതറ ട്രൈബെൽ സ്പെഷ്യാൽറ്റി ആശുപത്രിയും പുരസ്‌കാരത്തിന് അർഹമായി. സ്റ്റേറ്റ് ക്വാളിറ്റി ഓഫീസർ ഡോ. അംജദ് കുട്ടി, എൻ.എച്ച്.എം. സ്റ്റേറ്റ് എച്ച്.ആർ. മാനേജർ സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ കേരള ടീം പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്കു വേണ്ടി സുപ്രണ്ടന്റ് ഡോ. കെ.വി. പ്രകാശ്, ആർ.എം.ഒ. ഡോ. രിജിത് കൃഷ്ണൻ, പി.ആർ.ഒ. അൽഫോൻസാ മാത്യു എന്നിവർ അവാർഡ് ഏറ്റുവാങ്ങി.
കോഴിക്കോട് നിന്നും ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ഉമ്മർ ഫാറുക്ക്. എൻ.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജർ ഡോ. നവീൻ എ., ക്വാളിറ്റി അഷുറൻസ് ഓഫിസർ ടി.ആർ. സൗമ്യ എന്നിവർ പുരസ്‌കാരം ഏറ്റുവാങ്ങി. പാലക്കാട് കോട്ടത്തറ ആശുപത്രിക്കു വേണ്ടി സൂപ്രണ്ട് ഡോ പ്രഭുദാസ്, എൻ.എച്ച്.എം.ജില്ലാ പ്രോഗ്രാം മാനേജർ ഡോ. രചന ചിദംബരം, ജില്ലാ ക്വാളിറ്റി ഓഫീസർ അംബിക എന്നിവർ അവാർഡ് ഏറ്റുവാങ്ങി.