അക്കാദമി പുരസ്‌കാരതുക വര്‍ധിപ്പിക്കുന്ന കാര്യം പരിഗണനയില്‍:  മന്ത്രി എ കെ ബാലന്‍

കൊല്ലം സോപാനം ഓഡിറ്റോറിയത്തിലെ നിറഞ്ഞ സദസ്സില്‍ കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം മന്ത്രി എ കെ ബാലന്‍ കലാകാരന്‍മാര്‍ക്ക് സമര്‍പ്പിച്ചു. അക്കാദമി പുരസ്‌കാര ജേതാക്കള്‍ക്കു ലഭിക്കുന്ന പുരസ്‌കാരതുക വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

കലാപഠനം പൂര്‍ത്തിയാക്കിയവരുടെ കഴിവ് സമൂഹത്തിന് ഉപകാരപ്പെടുന്ന രീതിയില്‍ പ്രയോജനപ്പെടുത്താന്‍ ശ്രമിക്കും. ഇതിന്റെ ഭാഗമായാണ് 15000 രൂപയുടെ ഫെലോഷിപ്പുകള്‍ നല്‍കുന്നത്. കലാകാരന്‍മാര്‍ക്കുള്ള പെന്‍ഷന്‍ തുക വര്‍ധിപ്പിക്കാനും ക്ഷേമനിധി പെന്‍ഷന്‍ 3000 രൂപയായി വര്‍ധിപ്പിക്കാന്‍ സാധിച്ചതും നേട്ടമാണെന്ന് മന്ത്രി പറഞ്ഞു.

കലാകാരന്‍മാര്‍ക്ക്  സ്മാരകം നിര്‍മിക്കേണ്ടത് സമൂഹത്തിന്റെ ആവശ്യകതയാണ്. നടന്‍ സത്യന് പോലും ഉചിതമായ സ്മാരകം ഇല്ലായിരുന്നു. എന്നാല്‍ ചലച്ചിത്ര അക്കാദമിയുടെ പുതിയ ആര്‍ക്കേവിസിന് നടന്‍ സത്യന്റെ പേര് നല്‍കാന്‍ സാധിച്ചതടക്കം നിരവധി പ്രതിഭകള്‍ക്കുള്ള സ്മാരകങ്ങള്‍ നിര്‍മിക്കാന്‍ സാധിച്ചത് കലാകാരന്‍മാരോടുള്ള സര്‍ക്കാരിന്റെ സ്‌നേഹവായ്പ്പാണെന്നും മന്ത്രി കൂട്ടിച്ചര്‍ത്തു.

2017ലെ എസ് എല്‍ പുരം സദാനന്ദന്‍ പുരസ്‌കാരം വിജയകുമാരിക്ക് മന്ത്രി സമ്മാനിച്ചു.

മരട് ജോസഫ്(നാടകം ), സി എസ് രാധാദേവി(പ്രക്ഷേപണ കല ) , നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി (കഥകളി ) എന്നിവര്‍ക്ക് അക്കാദമി ഫെലോഷിപ്പും കെ ആര്‍ രമേഷ്,  പി ജെ ഉണ്ണികൃഷ്ണന്‍, ശശികുമാര്‍ സൗപര്‍ണിക, എം വി ഷേര്‍ലി  (നാടകം ) രത്‌നശ്രീ അയ്യര്‍ ( തബല ),  അറയ്ക്കല്‍ നന്ദകുമാര്‍ (സംഗീതം ), അശ്വതി വി നായര്‍ (ഭരതനാട്യം), ഡോ. ഗായത്രി സുബ്രഹ്മണ്യന്‍ (കേരള നടനം ), എം ആര്‍ പയ്യട്ടം (കഥാപ്രസംഗം ), കലാമണ്ഡലം സി എം ബാലസുബ്രഹ്മണ്യന്‍ (കഥകളി ),  കലാമണ്ഡലം ഉണ്ണികൃഷ്ണന്‍ (കഥകളി ചെണ്ട ),  പത്തിയൂര്‍ ശങ്കരന്‍ കുട്ടി (കഥകളി സംഗീതം ), മച്ചാട് മണികണ്ഠന്‍ (കൊമ്പ് ), പോരൂര്‍ ഉണ്ണികൃഷ്ണന്‍ (തായമ്പക ),  കരിയന്നൂര്‍ നാരായണന്‍ നമ്പൂതിരി (തിമില ),  കലാമണ്ഡലം ശൈലജ (കൂടിയാട്ടം, നങ്യാര്‍കൂത്ത് ) പാലന്തോണി നാരായണന്‍ (പൊറാട്ടു നാടകം ) എന്നിവര്‍ക്ക് അക്കാദമി പുരസ്‌കാരവും

മനോമോഹന്‍,  കെ രവിവര്‍മ്മ,  ഞാറക്കല്‍ ജോര്‍ജ്, ഐ ടി ജോസഫ്,  ലക്ഷ്മി കോടേരി (നാടകം), പട്ടണം ഷാ (ചമയം),  ചെമ്പൈ കോദണ്ഡരാമ ഭാഗവതര്‍ (സംഗീതം),  ശ്യാമള കുമാരി പി (സംഗീതം),  ആന്റണി ചുള്ളിക്കല്‍, വിജയകുമാര്‍. ഡി, ആലപ്പി ഹരിലാല്‍ (ഉപകരണ സംഗീതം),  എന്‍  സി സുകുമാരന്‍, നരിപ്പറ്റ നാരായണന്‍ നമ്പൂതിരി (കഥകളി) പങ്കജവല്ലി, (കേരള നടനം) തെക്കുംഭാഗം വിശ്വംഭരന്‍ ( കഥാപ്രസംഗം) ഗുരുപൂജ പുരസ്‌കാരവും മന്ത്രി സമ്മാനിച്ചു.

എം നൗഷാദ് എം എല്‍ എ അധ്യക്ഷത വഹിച്ചു. എം മുകേഷ് എം എല്‍ എ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. അക്കാദമി ചെയര്‍പേഴ്‌സണ്‍ കെ പി എ സി ലളിത, വൈസ് ചെയര്‍മാന്‍ സേവ്യര്‍ പുല്‍പ്പാട്ട്, മുഖത്തല ശിവജി, മരട് ജോസഫ്, സി എസ് രാധാദേവി, ഫ്രാന്‍സിസ് ടി മാവേലിക്കര, അക്കാദമി സെക്രട്ടറി എന്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.