22-ാമത് സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തിന് ഒറ്റപ്പാലത്ത് തുടക്കമായി. ഒറ്റപ്പാലം എന്‍.എസ്.എസ്.കെ.പി.ടി.എച്ച്.എസ്.എസ്. സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി കലോത്സവം ഉദ്ഘാടനം ചെയ്തു. ഒക്ടോബര്‍ 20 വരെ മൂന്നു ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തില്‍ സംസ്ഥാനത്തെ 241 സ്‌കൂളുകളില്‍ നിന്നായി 1500 ലധികം ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളാണ് പങ്കെടുക്കുന്നത്. ആദ്യ ദിനത്തില്‍ കേള്‍വിക്കുറവ്, മാനസിക വെല്ലുവിളി എന്നിവ നേരിടുന്ന വിഭാഗത്തിലുളളവര്‍ക്കായിരുന്നു മല്‍സരം. മോഹിനിയാട്ടം, നാടോടിനൃത്തം, സംഘനൃത്തം, ലളിതഗാനം, സംഘഗാനം, ദേശഭക്തിഗാനം, ഉപകരണസംഗീതം, പദ്യംചൊല്ലല്‍, ചിത്രരചന, ജലച്ചായം, ദേശീയഗാനം, ഒപ്പന, മോണോ ആക്ട്, മൈം എന്നീ ഇനങ്ങളിലായി 850 വിദ്യാര്‍ഥികള്‍ മാറ്റുരച്ചു. പൂര്‍ണമായും ഹരിത പെരുമാറ്റച്ചട്ടം പാലിച്ചാണ് കലോത്സവം നടക്കുന്നത്. ഏഴ് വേദികളാണുളളത്.

എല്ലാ വിഭാഗത്തിലുള്ള വിദ്യാര്‍ഥികളെയും പരിപോഷിപ്പിക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം. ഭിന്നശേഷിയുള്ള വിദ്യാര്‍ഥികളെ പരിപോഷിപ്പിക്കുന്നതിനായി നടത്തുന്ന കലോത്സവങ്ങള്‍ക്ക് പിന്തുണ നല്‍കേണ്ടത് പൊതുസമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി പറഞ്ഞു. ഒറ്റപ്പാലം നഗരസഭാ ചെയര്‍മാന്‍ എന്‍. എം.നാരായണന്‍ നമ്പൂതിരി വിശിഷ്ടാതിഥിയായി. ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ശിവരാമന്‍ മുഖ്യപ്രഭാഷണം നടത്തി. ഒറ്റപ്പാലം നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മനോജ് സ്റ്റീഫന്‍, നഗരസഭാ കൗണ്‍സിലര്‍ സത്യം പെരുമ്പറതോട്, ഹയര്‍ സെക്കന്‍ഡറി ഡെപ്യൂട്ടി ഡയറക്ടര്‍ കെ. സ്‌നേഹലത, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി അസിസ്റ്റന്റ് ഡയറക്ടര്‍ എം. ഉബൈദുള്ള, അഡ്വ. വി. മുരുകദാസ്, എസ്.ശീതള, പി. കൃഷ്ണന്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
ബാബുസാറിന്റെ ആംഗ്യം, കുട്ടികളുടെ ശബ്ദം
സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തിന്റെ ആഘോഷവും ആരവവുമെല്ലാം കുട്ടികള്‍ മനസ്സിലാക്കുന്നത് ബാബുസാറിലൂടെയാണ്. ഉദ്ഘാടന സമ്മേളന വേദിയില്‍നിന്നും വിദ്യാര്‍ഥികള്‍ക്കായി ആംഗ്യ ഭാഷയിലൂടെ തര്‍ജമ ചെയ്യുന്നത് കൊട്ടാരക്കര സി.എസ്.ഐ. വി.എച്ച്.എസ്.എച്ച്.എസ് സ്‌കൂളിലെ അധ്യാപകനായ ടി. ബാബുവാണ്.

25 വര്‍ഷമായി അധ്യാപനരംഗത്തും തുടര്‍ച്ചയായ അഞ്ചുവര്‍ഷമായി സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവ വേദികളിലെയും സാന്നിധ്യമാണ് തിരുവനന്തപുരം അമരവിള സ്വദേശിയായ ബാബു. കോടതിയും പോലീസുമെല്ലാം വിവിധ ആവശ്യങ്ങള്‍ക്കായി ബാബുവിന്റെ സഹായത്തിനായി സമീപിക്കാറുണ്ട്.
സാമൂഹിക പ്രശ്‌നങ്ങള്‍ ഉയര്‍ത്തി മോണോ ആക്ട് വേദി.
സമൂഹത്തിന്റ ചലനങ്ങള്‍ കേള്‍ക്കുന്നില്ലെങ്കിലും എല്ലാം കാണുകയും മനസ്സിലാക്കുകയും ചെയ്യുന്നുണ്ടെന്ന് തെളിയിക്കുന്ന പ്രകടനമായി സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തിലെ മോണോ ആക്ട് വേദി. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗക്കാരുടെ മോണോ ആക്ട് മത്സരത്തിലാണ് വ്യത്യസ്ത സാമൂഹിക വിഷയങ്ങളുമായി വിദ്യാര്‍ഥികള്‍ എത്തിയത്.

മാലിന്യ സംസ്‌കരണം, പ്രളയം, വയല്‍ നികത്തിയുള്ള കെട്ടിടനിര്‍മാണം, മരട് ഫ്‌ളാറ്റ് വിഷയം, ടെലിവിഷന്‍ സീരിയലുകളുടെ സ്വാധീനം തുടങ്ങി നിരവധി വിഷയങ്ങളും വിമര്‍ശനങ്ങളും മല്‍സരം വേറിട്ടതാക്കി. മത്സരം വീക്ഷിച്ച കാണികള്‍ക്കും ഈ നിമിഷങ്ങള്‍ ഏറെ പ്രിയങ്കരമായി.
അലക്ഷമായി മാലിന്യം വലിച്ചെറിയുന്ന മനുഷ്യരാണ് പ്രശ്‌നം സൃഷ്ടിക്കുന്നതെന്ന് പറഞ്ഞ യാക്കര ശ്രവണ സംസാര ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ആകാശ് കൃഷ്ണ മോണോ ആക്ട് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി.
കലോത്സവത്തില്‍ ശ്രദ്ധേയമായി ഗ്രീന്‍ പ്രോട്ടോകോള്‍ പവലിയന്‍.
പൂര്‍ണമായും ഹരിതചട്ടം പാലിച്ച് നടക്കുന്ന സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തില്‍ പ്രകൃതി സൗഹ്യദ വസ്തുക്കള്‍ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് ബോധവത്ക്കരണം നല്‍കുന്നതിനായി ജില്ലാ ശുചിത്വ മിഷന്റെയും പാലക്കാട് ഗ്രീന്‍ ടൈംസ് ഏജന്‍സിയുടെയും നേതൃത്വത്തില്‍ സ്ഥാപിച്ച ഗ്രീന്‍ പ്രോട്ടോകോള്‍ പവലിയന്‍ ശ്രദ്ധേയമായി.

മുളയും ഓലയും ഉപയോഗിച്ച് നിര്‍മിച്ച പരിസ്ഥിതി സൗഹൃദ വസ്തുക്കളുടെ പ്രദര്‍ശനവും പവലിയനില്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയരുതെന്ന സന്ദേശം നല്‍കുന്ന ബ്രോഷറുകള്‍, നോട്ടീസുകള്‍ എന്നിവയും പവലിയനില്‍ വിതരണം ചെയ്യുന്നുണ്ട്. ഓരോ ദിവസത്തെയും ഭക്ഷണമാലിന്യം നഗരസഭയുടെ നേതൃത്വത്തില്‍ നീക്കം ചെയ്യും. പ്ലാസ്റ്റിക് അലക്ഷ്യമായി വലിച്ചെറിയുന്നത് ഒഴിവാക്കുന്നതിന് എല്ലാ വേദികളിലും മുളകൊണ്ടുള്ള കുട്ടകളും സ്ഥാപിച്ചിട്ടുണ്ട്.