ലോക കേരള സഭയുടെ പ്രഥമയോഗത്തോടനുബന്ധിച്ച് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പ്രസിദ്ധീകരിച്ച സ്മരണിക മുഖ്യമന്ത്രി പിണറായി വിജയൻ, പ്രമുഖ ശാസ്ത്രജ്ഞൻ ഡോ. എം.ജി ശാർങ്ഗധരന് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. പ്രവാസ മലയാളികളുടെ ജീവിതത്തിലെ വിവിധ ഏടുകൾ അനാവരണം ചെയ്യുന്ന 100 പേജുകളുള്ള ഈ സ്മരണികയിൽ വിവിധ മേഖലകളിലെ പ്രമുഖർ അവരുടെ വ്യത്യസ്ത വീക്ഷണങ്ങളും നിർദേശങ്ങളും രേഖപ്പെടുത്തിയിരിക്കുന്നു. പ്രവാസികളും കേരളത്തിന്റെ സമ്പദ്ഘടനയും, പ്രവാസത്തിന്റെ സാംസ്‌കാരിക ധാരകൾ, ഗൾഫ് മലയാളികളുടെ സ്വപ്‌നഭൂമിക, രാജ്യാന്തര കുടിയേറ്റം, മരുഭൂമിയിൽ മലയാണ്മയുടെ മലർവാടികൾ, പ്രവാസം ഒരു സംസ്‌കാര പരാഗണം തുടങ്ങി പ്രവാസ ജീവിതത്തിന്റെയും സംസ്‌കാരത്തിന്റെയും സമസ്തമേഖലകളിലേക്കും സ്മരണിക വെളിച്ചം വീശുന്നു. നിയമസഭാ മന്ദിരത്തിലെ വേദിയിൽ നടന്ന ചടങ്ങിൽ ഐ ആൻഡ് പി.ആർ.ഡി ഡയറക്ടർ ടി.വി സുഭാഷ്, എ.ഡി.പി.ആർ പി.വിനോദ് തുടങ്ങിയവർ പങ്കെടുത്തു. ലോകപ്രശസ്ത വൈറോളജിസ്റ്റ് ഡോ. റോബർട്ട് സി.ഗാലോയ്‌ക്കൊപ്പം അമേരിക്കയിൽ പ്രവത്തിച്ചുവരുന്ന ശാസ്ത്രജ്ഞനാണ് ഡോ.എം.ജി. ശാർങ്ഗധരൻ.