ലോക കേരള സഭയുടെ രണ്ടാംദിനത്തിലെ ഉപചര്‍ച്ചയില്‍ കിഫ്ബി ഫണ്ട് സമാഹരണത്തിലെ വിവിധ സാധ്യതകള്‍ ചര്‍ച്ചചെയ്തു. രണ്ട് വര്‍ഷം കൊണ്ട് കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടിയിലൂടെ 20,000 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യമെന്ന് ചര്‍ച്ചയ്ക്ക് തുടക്കമിട്ടുകൊണ്ട് ധനകാര്യമന്ത്രി ടി.എം തോമസ് ഐസക് പറഞ്ഞു. പവാസികളുടെ സമ്പാദ്യത്തെ നാടിന്റെ സൗഭാഗ്യമാക്കി മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. 10 ലക്ഷം പ്രവാസികളെങ്കിലും ചിട്ടിയില്‍ ചേരുമെന്നാണ് പ്രതീക്ഷ. ബാങ്ക് നിരക്കിനേക്കാള്‍ കൂടിയ പലിശ കിട്ടുന്ന ചിട്ടി കേരളവികസന പ്രക്രിയയില്‍ പങ്കാളി ആകാനും പ്രവാസികള്‍ക്ക് അവസരം നല്‍കുന്നു എന്ന് തോമസ് ഐസക് ചൂണ്ടിക്കാട്ടി പെന്‍ഷനും ഇന്‍ഷുറന്‍സ് സംരക്ഷണവും ബന്ധിപ്പിച്ചുള്ള പ്രവാസി ചിട്ടികള്‍ മികച്ച നിക്ഷേപഅവസരമാണെന്ന് കിഫ്ബി സി.ഇ.ഒ ഡോ.കെ.എം എബ്രഹാം പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്താതെ യൂറോപ്പ്, അമേരിക്ക ഉള്‍പ്പെടെ ലോകത്തെ എല്ലാ മലയാളികള്‍ക്കും ഇതില്‍ ചേരാന്‍ അവസരം നല്‍കണമെന്ന് ചര്‍ച്ചയില്‍ പ്രവാസികള്‍ ആവശ്യപ്പെട്ടു. ജാമ്യവ്യവസ്ഥകളും നടപടിക്രമങ്ങളും ലഘൂകരിക്കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു. പ്രവാസി ചിട്ടിയുടെ നടപടിക്രമങ്ങളെല്ലാം ഓണ്‍ലൈനായിട്ടാണ് ചെയ്യുന്നതെന്നും നടപടിക്രമങ്ങള്‍ ലളിതവും സുതാര്യവും ആണ് എന്ന് എബ്രഹാം വിശദീകരിച്ചു. ലാഭം ഉറപ്പാക്കുന്ന കൂടുതല്‍ പദ്ധതികള്‍ കിഫ്്ബി നടപ്പാക്കണമെന്ന് ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. മികച്ച പദ്ധതികള്‍ അവതരിപ്പിച്ചാല്‍ നിക്ഷേപിക്കാന്‍ പ്രവാസികള്‍ ഒരുക്കമാണ് എന്ന് ഗള്‍ഫാര്‍ മുഹമ്മദാലി പറഞ്ഞു. ് ഗവണ്‍മെന്റ് പണം വികസന ആവശ്യത്തിന് ചെലവ് ചെയ്യുമ്പോള്‍ ബാധ്യതടും അത് അത് പരിഹരിക്കാന്‍ പ്രവാസികള്‍ നിക്ഷേപം നടത്തണം എന്ന്് മുന്‍ധനകാര്യമന്ത്രി കെ.എം മാണി അഭ്യര്‍ത്ഥിച്ചു. ഓഹരി പങ്കാളിത്തമുള്ള സ്റ്റേറ്റ് സോവറിന്‍ ഫണ്ട് പോലുള്ള നിക്ഷേപ ഉല്‍പ്പന്നങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കണം. നഷ്ടത്തിലുള്ള പൊതുമേഖല സ്ഥാപനങ്ങളുടെ കണ്‍സോര്‍ഷ്യം രൂപീകരിക്കാനും അതില്‍ പ്രവാസികള്‍ക്ക് ഓഹരി പങ്കാളിത്തം നല്‍കണം, ഇന്ത്യയിലെ പ്രവാസികള്‍ക്കായും ചിട്ടി തുടങ്ങണം, കെ.എസ്.എഫ്.ഇയെ ബാങ്ക് ആക്കി മാറ്റണം തുടങ്ങിയ നിര്‍ദേശങ്ങളും അംഗങ്ങള്‍ ഉയര്‍ത്തി. പ്രവാസി സമൂഹം ആവശ്യപ്പെട്ടാല്‍ അവര്‍ക്കായി പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുന്ന കാര്യം ആലോചിക്കാമെന്ന് ധനകാര്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മനോജ് ജോഷി പറഞ്ഞു. എം.എല്‍.എ മാരായ സുരേഷ് കുറുപ്പ്, ടി.വി രാജേഷ.്, വി.ഡി സതീശന്‍, ഗീത ഗോപിനാഥ്, പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി.കെ രാമചന്ദ്രന്‍, കമല വര്‍ധന റാവു, ഡോ.ഷര്‍മിള മേരി ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.