മണ്ണ് ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കേണ്ടതുണ്ടെന്നും ഗ്രാമീണ മേഖലയില്‍ അടിസ്ഥാന പ്രകൃതി സമ്പത്തിനെ നിലനിര്‍ത്തിക്കൊണ്ടാവണം വികസനമെന്നും ധനമന്ത്രി തോമസ് ഐസക്. തളിപ്പറമ്പ് നിയോജക മണ്ഡലം സമഗ്ര വികസന പരിപാടി- സമൃദ്ധി പദ്ധതിയുടെ അവലോകനവും ശില്‍പശാലയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനം വലിയ വികസന രൂപമാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. അമ്പതിനായിരം കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. പശ്ചാത്തല സൗകര്യ വികസനം പുരോഗമിക്കുന്നു. കാര്‍ഷികോല്‍പാദനം വര്‍ധിച്ചതുകൊണ്ട് മാത്രം വരുമാനത്തില്‍ ഗണ്യമായ കുതിപ്പ് ഉണ്ടാകില്ല. മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ നിര്‍മ്മിച്ച് അവ സംസ്‌കരിച്ച് വിപണിയിലെത്തിക്കണം. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രൊഡ്യൂസേഴ്‌സ് കമ്പനികള്‍ രൂപീകരിക്കുന്നത്- മന്ത്രി പറഞ്ഞു. സമൃദ്ധി പദ്ധതിയില്‍ മണ്ഡലത്തില്‍ നടപ്പാക്കി കൊണ്ടിരിക്കുന്ന മണ്ണ് ജല സംരക്ഷണ പ്രവര്‍ത്തനങ്ങളേയും അദ്ദേഹം അഭിനന്ദിച്ചു.

പരിയാരം, കുറ്റിയാട്ടൂര്‍ പഞ്ചായത്തുകളിലായി മൂന്ന് കോടി രൂപയുടെ നീര്‍ത്തട വികസന, മണ്ണ് – ജല സംരക്ഷണ പ്രവര്‍ത്തനങ്ങളാണ് സമൃദ്ധി പദ്ധതിയില്‍ പുരോഗമിക്കുന്നത്. നബാര്‍ഡ് പദ്ധയില്‍ ഉള്‍പ്പെടുത്തി ഒമ്പത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലായി ഓരോ നീര്‍ത്തട വികസന പദ്ധതിക്കും തത്വത്തില്‍ സര്‍ക്കാര്‍ അനുമതി ലഭിച്ചിട്ടുണ്ട്.

ധര്‍മ്മശാല കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജെയിംസ് മാത്യു എം എല്‍ എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ ടി ലത, ടി വസന്തകുമാരി, എം സി മോഹനന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ പി ബാലന്‍, എന്‍ പദ്മനാഭന്‍, പി പുഷ്പജന്‍, കെ താഹിറ, ആന്തൂര്‍ നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ വസന്ത മാളിയേക്കല്‍, നബാര്‍ഡ് അസിസ്റ്റന്റ് മാനേജര്‍ കെ വി മനോജ് കുമാര്‍, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ കെ പി അബ്ദുസ്സമദ്, ക്ഷീര വികസനം ഡെപ്യൂട്ടി ഡയറക്ടര്‍ രാജശ്രീ കെ മേനോന്‍, ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇ കെ സോമശേഖരന്‍, തളിപ്പറമ്പ് മണ്ണ് സംരക്ഷണ ഓഫീസര്‍ വി വി പ്രകാശന്‍, ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ എഞ്ചിനീയര്‍ കെ കെ റോഷി എന്നിവര്‍ സംസാരിച്ചു.