കാര്‍ഷിക മേഖലയുടെ മുന്നോട്ട് പോക്കിന് യന്ത്രവല്‍ക്കരണം അനിവാര്യം: കെ വി സുമേഷ്
കണ്ണൂർ: കാര്‍ഷിക രംഗത്തെ യന്ത്രവല്‍ക്കരണം പ്രോത്സാഹിക്കുക, യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കുക, ജില്ലയെ തരിശ് രഹിത മേഖലയാക്കി മാറ്റുക എന്നീ ലക്ഷ്യങ്ങളോടെ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച കാര്‍ഷിക യന്ത്രോപകരണ പരിശീലന കേന്ദ്രത്തിലെ ആദ്യ ബാച്ച് വിജയകരമായി പരിശീലനം പൂര്‍ത്തീകരിച്ചു. പരിശീലന പരിപാടിയുടെ സമാപനച്ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് ഉദ്ഘാടനം ചെയ്തു.
കാര്‍ഷിക മേഖലയുടെ മുന്നോട്ട് പോക്കിന് യന്ത്രവല്‍ക്കരണം അനിവാര്യമാണെന്ന് കെ വി സുമേഷ് പറഞ്ഞു. ശാസ്ത്രീയ രീതിയില്‍ കാര്‍ഷിക മേഖല വികാസം പ്രാപിക്കണമെങ്കില്‍ ആധുനിക യന്ത്രങ്ങള്‍ കൂടിയേ തീരൂ. തൊഴിലാളി ക്ഷാമം നേരിടുന്ന ഇക്കാലത്ത് യന്ത്രവല്‍ക്കരണത്തൊടൊപ്പം അവയില്‍ പ്രാവീണ്യം നേടിയ ആളുകളെ കൂടി വേണം.
ഇത്തരമൊരു സാഹചര്യത്തിലാണ് ജില്ലാപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ കാര്‍ഷിക യന്ത്രോപകരണങ്ങളില്‍ പരിശീലനം നല്‍കിയതെന്നും കാര്‍ഷികമേഖലയ്ക്ക് ഇത് പുത്തനുണര്‍വ് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ നിന്നായി 13 അംഗങ്ങളാണ് ആദ്യ ബാച്ചില്‍ പരിശീലനം പൂര്‍ത്തിയാക്കിയത്. ഇവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിര്‍വഹിച്ചു.
കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ നടന്ന പരിശീലന പരിപാടിയില്‍ ട്രാക്ടറിലും അനുബന്ധ ഉപകരണങ്ങളിലുമാണ് പരിശീലനം നല്‍കിയത്. ഇതിന് പുറമെ കാര്‍ഷിക യന്ത്രോപകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ കമ്പനികളുടേയും മറ്റ് സാങ്കേതിക വിദഗ്ധരുടേയും ക്ലാസുകളും യന്ത്രങ്ങളുടെ റിപ്പയറിംഗ് സംബന്ധിച്ചുള്ള പരിശീലനവും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു. പരിശീലനം പൂര്‍ത്തിയാക്കിയ മുഴുവന്‍ ആളുകള്‍ക്കും ട്രാക്ടര്‍ ഡ്രൈവിംഗ് ലൈസന്‍സും ഇതിനോടകം ലഭ്യമായിട്ടുണ്ട്.
ജില്ലാ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ വി കെ സുരേഷ് ബാബു, കെ പി ജയബാലന്‍ മാസ്റ്റര്‍, ടി ടി റംല, അംഗങ്ങളായ അജിത്ത് മാട്ടൂല്‍, കെ നാണു, അന്‍സാരി തില്ലങ്കേരി, പി പി ഷാജിര്‍, സെക്രട്ടറി വി ചന്ദ്രന്‍, കൃഷി അസിസ്റ്റന്റ് എഞ്ചിനീയര്‍ പി രമ്യ തുടങ്ങിയവര്‍ സംബന്ധിച്ചു.