കണ്ണൂർ ജില്ലയിലെ ആദിവാസി വിഭാഗങ്ങളുടെ സമഗ്ര വിവരശേഖരണത്തിനായി ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ നേതൃത്വത്തില്‍ നടപടികള്‍ തുടങ്ങി. ഇതിന്റെ ഭാഗമായി ജില്ലയിലെ എസ്ടി പ്രൊമോട്ടര്‍മാരുടെ പ്രത്യേക യോഗം വിളിച്ചു ചേര്‍ത്തു.

ജില്ലയിലെ ആദിവാസി കോളനികളുടെ സമ്പൂര്‍ണ വികസനം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വീടുകള്‍ കേന്ദ്രീകരിച്ച് ആദിവാസികളുടെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുന്നത്.

ഓരോ വ്യക്തിയുടെയും ജീവിതസാഹചര്യങ്ങള്‍, താമസം, വിദ്യാഭ്യാസം, ജോലി, സമ്പാദ്യം, ആരോഗ്യം തുടങ്ങിവ ഉള്‍പ്പെടെ വിശദമായ വിവരശേഖരണമാണ് ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്.

ആദിവാസികള്‍ക്കായുള്ള വിവിധ വികസന പദ്ധതികളുടെ ഗുണഫലങ്ങള്‍ ശരിയായ രീതിയില്‍ കോളനികളില്‍ എത്തിക്കാനും സവിശേഷമായ വികസന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും സമഗ്ര വിവരശേഖരണം അനിവാര്യമാണെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ശേഖരിക്കുന്ന വിവരങ്ങള്‍ കൃത്യമായ ഇടവേളകളില്‍ പുതുക്കുന്നതിന് സ്ഥിരം സംവിധാനം ഒരുക്കണമെന്നും അദ്ദേഹം അറിയിച്ചു.

വാര്‍ധക്യ പെന്‍ഷന്‍ ലഭിക്കാത്തവര്‍, ഭൂമി അന്യാധീനപ്പെട്ടുപോയവര്‍, യാത്രാ യോഗ്യമായ റോഡില്ലാത്ത ആദിവാസി കോളനികള്‍, കോളനി നിവാസികളുടെ ശാരീരിക-മാനസികാരോഗ്യ സ്ഥിതി, അഭ്യസ്തവിദ്യരായ തൊഴില്‍ രഹിതര്‍, പുറം നാടുകളില്‍ തൊഴിലെടുക്കാനുള്ള സന്നദ്ധത, തൊഴില്‍ കാര്‍ഡ്, റേഷന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ആരോഗ്യ ഇന്‍ഷൂറന്‍സ് എന്നിയവയുടെ ലഭ്യത തുടങ്ങിയ വിവരങ്ങള്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ ശേഖരിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് പ്രൊമോട്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ആധാര്‍, റേഷന്‍ കാര്‍ഡ്, തൊഴില്‍ കാര്‍ഡ് എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് താലൂക്ക് തലത്തില്‍ അദാലത്തുകള്‍ നടത്താനും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു. മാസത്തിലൊരിക്കല്‍ ഏതെങ്കിലുമൊരു ആദിവാസി കോളനി വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പം സന്ദര്‍ശിക്കുമെന്നും യോഗത്തില്‍ കലക്ടര്‍ അറിയിച്ചു.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ഐടിഡിപി ജില്ലാ പ്രൊജക്ട് ഓഫീസര്‍ ജാക്വിലിന്‍ ഷൈനി ഫെര്‍ണാണ്ടസ്, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍, സോഷ്യല്‍ വര്‍ക്കര്‍മാര്‍, എസ് ടി പ്രൊമോട്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.