എല്ലാ ജില്ലകളിലും വിശാലമായ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകള്‍ വികസിപ്പിക്കണമെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. ലോക കേരള സഭയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വികസന പ്രവര്‍ത്തനങ്ങളില്‍ കക്ഷിരാഷ്ട്രീയ ഭേദമന്യേ സഹകരിക്കുന്ന സംസ്‌ക്കാരം വളര്‍ത്തിയെടുക്കണം. ലോക കേരള സഭയെന്നത് മഹത്തായ ആശയമാണ്. ലോക ചരിത്രത്തില്‍ തന്നെ ഇതിന് സമാനമായ പരിപാടി നടന്നിട്ടുണ്ടാവില്ല. സത്യസന്ധമായും കാര്യക്ഷമമായും ജോലി ചെയ്യുന്നവരാണ് മലയാളികള്‍. ഇവരോടൊപ്പം കേരളത്തിലെ മികവുറ്റ രാഷ്ട്രീയക്കാരും സിവില്‍ സര്‍വീസും ചേര്‍ന്നാല്‍ വലിയ മുന്നേറ്റം സൃഷ്ടിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.
ഐ.ടി മേഖലയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വ്യാപകമാവുന്നതോടെ നിലവിലെ പ്രോസസിംഗ് കമ്പനികള്‍ അപ്രസക്തമാവും. ഇത് മുന്‍കൂട്ടിക്കണ്ട് ബിഗ് ഡാറ്റ അനാലിസിസ്, ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങിയ മേഖലകള്‍ കൂടി സിലബസില്‍ ഉള്‍പ്പെടുത്തി യുവാക്കളെ സജ്ജമാക്കണമെന്നും അദ്ദേഹം പറഞ്ഞു.