വിദ്യാഭ്യാസമേഖലയുടെ നവീകരണത്തില്‍ ആവശ്യമായ പിന്തുണയും സഹായങ്ങളും പ്രവാസസമൂഹം വാഗ്ദാനം ചെയ്തു. {പായോഗികതയിലൂന്നിയ വിദ്യാഭ്യാസ സമ്പ്രദായം ഉരുത്തിരിയണമെന്ന് ലോക കേരള സഭയുടെ വിദ്യാഭ്യാസ ഉപസമ്മേളനം. പാഠ്യപദ്ധതിക്കുള്ളില്‍ തളയ്ക്കപ്പെടാതെ പ്രായോഗികജ്ഞാനവും ഉത്തരവാദിത്തവും വര്‍ധിപ്പിക്കാനുതകും വിധമായിരിക്കണം വിദ്യാഭ്യാസം. നൈപുണ്യം ആവശ്യമുള്ള തൊഴില്‍മേഖലകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നൈപുണ്യവികസനത്തിലും പ്രത്യേക പരിഗണന നല്‍കണമെന്നും ചര്‍ച്ചയില്‍ അഭിപ്രായഐക്യമുണ്ടായി. വിദ്യാഭ്യാസമന്ത്രി പ്രൊഫ: സി. രവീന്ദ്രനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉപസമ്മേളനത്തിലാണ് വിദ്യാഭ്യാസ മേഖലയില്‍ പ്രവാസികളുടെ ആവശ്യങ്ങളും ഗൗരവമുള്ള നിര്‍ദേശങ്ങളും ഉയര്‍ന്നുവന്നത്.
വിവര വിസ്‌ഫോടനത്തിന്റെ കാലഘട്ടത്തില്‍ പുതിയ തൊഴിലുകള്‍ക്ക് വിദ്യാര്‍ഥികളെ സജ്ജമാക്കിയാല്‍ കൂടുതല്‍ അവസരങ്ങള്‍ വിദേശങ്ങളില്‍ നേടാന്‍ പ്രയാസമുണ്ടാകില്ലെന്ന് വിദ്യാഭ്യാസമന്ത്രി അഭിപ്രായപ്പെട്ടു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വഴി സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളും ഉള്ളടക്കത്തിലും സമഗ്ര പരിഷ്‌കാരങ്ങളാണ് നടത്തിവരുന്നത്.
പുതുകാലത്തിനനുസൃതമായി വിദ്യാഭ്യാസ മേഖലയില്‍ മാറ്റങ്ങള്‍ക്ക് പ്രവാസികള്‍ക്ക് മികച്ച പങ്ക് വഹിക്കാനാകും. സാമ്പത്തികമായ മുതല്‍മുടക്ക് മാത്രമല്ല, വൈജ്ഞാനികതലത്തില്‍ വിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ചക്ക് ഒട്ടേറെ സഹായങ്ങള്‍ക്ക് പ്രവാസികള്‍ക്ക് ശേഷിയുണ്ട്. വരുംതലമുറയുടെ വൈജ്ഞാനിക വളര്‍ച്ചയ്ക്ക് വേണ്ടിയുള്ള നിക്ഷേപമാണിത്.
{പവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വിദ്യാഭ്യാസവകുപ്പില്‍ നിന്ന് ചെയ്യാനാവുന്നത് ചെയ്യും. ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ ആശയങ്ങള്‍ ഉള്‍ക്കൊണ്ട് ജനകീയവും വിദ്യാര്‍ഥി കേന്ദ്രീകൃതവുമായ വിദ്യാഭ്യാസ സമ്പ്രദായം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഗൗരവമുള്ള ഒട്ടേറെ നിര്‍ദേശങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നു. വിപണിയുടെയും തൊഴില്‍ സാധ്യതയുടേയും പരിഗണനകള്‍ക്കനുസരിച്ചുള്ള സിലബസ് മാറ്റങ്ങള്‍ വരണം. കായിക പരിശീലനവും, നീന്തല്‍ ഉള്‍പ്പെടെയുള്ളവയും പാഠ്യപദ്ധതിയില്‍ വരണം. വ്യക്തി- സാമൂഹ്യ- ആരോഗ്യ വിദ്യാഭ്യാസങ്ങള്‍ പ്രാഥമിക വിദ്യാഭ്യാസത്തില്‍നിന്നേ തുടങ്ങുന്നത് നന്നായിരിക്കും. അറിവ് നേടുന്നതിനൊപ്പം ഉത്തരവാദിത്തവും ആത്മവിശ്വാസവും വളര്‍ത്താനുതകുന്ന പരിശീലനമാണ് വേണ്ടത്. കാര്യങ്ങള്‍ സ്വന്തമായി ചെയ്യാനുള്ള കഴിവ് ഇതിലൂടെ വളരും. തൊഴില്‍പരിശീലനവും നൈപുണ്യവും വികസിപ്പിക്കാന്‍ കഴിയുന്ന പാഠ്യക്രമം സ്‌കൂളുകളില്‍ വരണം.
മുമ്പ് നടപ്പാക്കിവന്ന ഡി.പി.ഇ.പി പോലുള്ള പദ്ധതികള്‍ ഇത്തരത്തില്‍ കുട്ടികളുടെ കഴിവുകള്‍ വികസിപ്പിക്കാന്‍ ഉതകുന്നതായിരുന്നുവെന്ന് വിദേശങ്ങളിലെ വിവിധതരം ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി പ്രതിനിധികള്‍ ഒരേസ്വരത്തില്‍ അഭിപ്രായപ്പെട്ടു.
പാഠ്യപദ്ധതിക്കപ്പുറം ഗവേഷണങ്ങളിലൂടെയും പര്യവേക്ഷണങ്ങളിലൂടെയും അനുഭവങ്ങള്‍ ആര്‍ജിക്കുന്ന പഠനസമ്പ്രദായം മിക്ക വിദേശരാജ്യങ്ങളിലുണ്ട്. അത്തരം പഠനശൈലിയില്‍ നിന്ന് തിരികെ നാട്ടിലെത്തുമ്പോള്‍ സിലബസില്‍ ഒതുങ്ങിയുള്ള പഠനം കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി പ്രവാസികള്‍ പറഞ്ഞു.
വികസിത രാജ്യങ്ങളിലേതുപോലെ സാമ്പ്രദായിക വിദ്യാഭ്യാസത്തിനൊപ്പം വിദ്യാര്‍ഥികള്‍ക്ക് ഗുണകരമാകുന്ന ‘ഗിഫ്റ്റഡ് എഡ്യൂക്കേഷന്‍’ കൂടി നടപ്പാക്കിയാല്‍ നന്നാകുമെന്ന് പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. കുട്ടികളില്‍ വായനാശീലം വളര്‍ത്താന്‍ അഡ്വാന്‍സ്ഡ് റീഡിംഗ് സൗകര്യങ്ങള്‍ ഒരുക്കണം. അഞ്ചുവയസുവരെ സൗജന്യമായി പുസ്തകങ്ങളും കഥാപുസ്തകളും നല്‍കിയാല്‍ വായനാശീലം വളരും.
സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ലൈബ്രറി സമ്പ്രദായം വിപുലീകരിക്കുകയും ഇ-റീഡര്‍ സൗകര്യം വ്യാപിപ്പിക്കുകയും ചെയ്യണം. കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് സൗകര്യം ശക്തമാക്കുകയും ചെയ്യണം. ഓണ്‍ലൈന്‍ എഡ്യൂക്കേഷന്‍ സൗകര്യം ശക്തമാക്കണം. പഠനവൈകല്യങ്ങളുള്ളവരെ പരിഗണിച്ച് അനുസൃതമായ സംവിധാനം ഒരുക്കണം. അധ്യാപകര്‍ക്കും പരിശീലകര്‍ക്കും നിലവാരം ഉറപ്പാക്കാന്‍ നടപടിയുണ്ടാകണം.
തദ്ദേശീയരായ ഗോത്രവിഭാഗക്കാരുള്പ്പെടെയുള് ളവരെ പൊതുവായ വിദ്യാഭ്യാസ സമ്പ്രദായത്തിലേക്ക് വലിച്ചിഴയ്ക്കുന്നതു അത്തരക്കാരുടെ കൊഴിഞ്ഞുപോക്ക് വര്‍ധിക്കുന്നതായി പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. അവരുടെ ചുറ്റുപാടില്‍തന്നെ ചുരുങ്ങിയത് പ്രൈമറിതലം വരെയെങ്കിലും പഠിക്കാന്‍ അവസരമൊരുക്കണം.
കേരളത്തില്‍നിന്ന് പഠിച്ചുകഴിഞ്ഞ പല കോഴ്‌സുകളും വിദേശത്ത് അംഗീകാരം ലഭിക്കാത്ത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടപടിയുണ്ടാകണം. വിദേശയൂണിവേഴ്‌സിറ്റികളുടെ കോഴ്‌സുകള്‍ തുടങ്ങാന്‍ കഴിയുമെങ്കില്‍ പരിഗണിക്കണം.
ഡിസൈന്‍ ആന്റ് ടെക്‌നോളജിയില്‍ നിലവാരമുയര്‍ത്താന്‍ യൂണിവേഴ്‌സിറ്റികള്‍ വരണം. പ്രവാസികളുടെ മക്കള്‍ക്ക് ഗുണമാകുന്ന രീതിയില്‍ നോളജ് സിറ്റികള്‍ ആരംഭിക്കണം. വിമാനത്താവളങ്ങളോട് സാമീപ്യമുള്ള സ്ഥലങ്ങളില്‍ ഇത്തരം സ്ഥാപനങ്ങള്‍ വരുന്നത് സൗകര്യമാകും.
ഷാര്‍ജയില്‍ സുല്‍ത്താന്‍ വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാന്‍ സൗകര്യമൊരുക്കാമെന്ന് നല്‍കിയ വാഗ്ദാനം വേഗത്തില്‍ നടപ്പാക്കാന്‍ തുടര്‍നടപടികള്‍ക്ക് മുന്‍കൈയെടുക്കണം. കേരളത്തിലെ സിലബസില്‍ പഠിക്കാനുള്ള സൗകര്യം സലാല പോലെയുള്ള സ്ഥലങ്ങളില്‍ ആരംഭിക്കാന്‍ മുന്‍കൈയെടുക്കണം.
ഡി.പി.ഇ.പി പോലുള്ള കുട്ടികളുടെ പ്രായോഗിക പരിജ്ഞാനം വര്‍ധിപ്പിക്കുന്ന പദ്ധതികള്‍ പിന്നീട് കേന്ദ്രം തന്നെ അംഗീകരിച്ചതാണെന്ന് ചര്‍ച്ചയ്‌ക്കൊടുവില്‍ സി.പി. നാരായണന്‍ എം.പി പറഞ്ഞു. നൈപുണ്യപരിശീലനം അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഡി.പി.ഇ.പി മികച്ച പാഠ്യപദ്ധതിയായിരുന്നെന്ന് പി.സി. ജോര്‍ജ് എം.എല്‍.എയും പറഞ്ഞു. ഉദ്യോഗസ്ഥതലത്തില്‍ വിവിധ പ്രശ്‌നങ്ങള്‍ മൂലമുള്ള കാലതാമസം ഒഴിവാക്കാന്‍ കൂടുതല്‍ നടപടികള്‍ വേണമെന്ന് പി.കെ. ബിജു എം.പി പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് കേരളത്തിന് പുറത്തുള്ള സര്‍വകലാശാലകളില്‍ നിന്നുള്ള ബിരുദങ്ങളുമായി കേരളത്തിലെത്തുമ്പോള്‍ യൂണിവേഴ്‌സിറ്റികളില്‍ തുല്യതാ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു. ഇപ്പോഴുയര്‍ന്ന നിര്‍ദേശങ്ങള്‍ക്ക് കൃത്യമായ തുടര്‍നടപടികള്‍ വേണമെന്ന് എം.എല്‍.എമാരായ എ. പ്രദീപ്കുമാര്‍, കെ. രാജന്‍ എന്നിവര്‍ പറഞ്ഞു.
ചര്‍ച്ചയില്‍ ഉന്നതവിദ്യാഭ്യാസ സെക്രട്ടറി ഉഷ ടൈറ്റസ്, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്‍, കോളേജിയേറ്റ് എഡ്യൂക്കേഷന്‍ ഡയറക്ടര്‍ എം.എസ്. ജയ, ‘കൈറ്റ്’ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ. അന്‍വര്‍ സാദത്ത്, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.