ലോക കേരള സഭ സമാപിച്ചു
തൊഴില്‍ അന്വേഷകരെ സഹായിക്കാന്‍ വിദേശ പരിചയം ഉള്ളവരെ ഉള്‍പ്പെടുത്തി കേരളത്തിലെ എല്ലാ ജില്ലകളിലും പ്രവാസി സഹായ കേന്ദ്രങ്ങള്‍ തുടങ്ങുന്നത് നന്നായിരിക്കുമെന്ന് ഗവര്‍ണര്‍ പി. സദാശിവം പറഞ്ഞു. കേരളത്തിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനും പ്രവാസി സഹായ കേന്ദ്രങ്ങള്‍ പ്രയോജനപ്പെടുത്താം. പ്രവാസികളിലേറെയും ജീവിക്കുന്നതിനായി മോശം സാഹചര്യങ്ങളില്‍ ജോലി ചെയ്യേണ്ടി വരുന്നതിനാലാണ് ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ടു വയ്ക്കുന്നതെന്ന് ഗവര്‍ണര്‍ പറഞ്ഞു. ലോകകേരളസഭയുടെ സമാപന സമ്മേളനം നിശാഗന്ധിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലോകകേരള സഭയുടെ ഭാഗമായി ശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തി സെമിനാറുകളും ചര്‍ച്ചയും സംഘടിപ്പിച്ചതായി മനസിലാക്കുന്നു. ശാസ്ത്ര, ഉന്നത വിദ്യാഭ്യാസ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസി മലയാളികള്‍ തങ്ങളുടെ വൈദഗ്ധ്യവും അറിവും ഇവിടത്തെ വിദ്യാര്‍ത്ഥികളും ഗവേഷകരുമായി പങ്കുവയ്ക്കാന്‍ തയ്യാറാകണം. കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ വാതായനങ്ങള്‍ തുറന്നു നല്‍കുന്ന മികച്ച പദ്ധതികള്‍ക്ക് കേരളത്തിലെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ എന്ന നിലയില്‍ എല്ലാ സഹായവും വാഗ്ദാനം ചെയ്യുന്നു. തങ്ങള്‍ ജോലി ചെയ്യുന്ന രാജ്യങ്ങളില്‍ കേരളത്തെ മികച്ച വിദ്യാഭ്യാസ കേന്ദ്രമായി അവതരിപ്പിക്കുന്ന അംബാസഡര്‍മാരാകാന്‍ പ്രവാസികളായ അദ്ധ്യാപകര്‍ തയ്യാറാവണം. സമൂഹത്തിന്റെ പൊതുഗുണത്തിനായി പ്രവാസി നിക്ഷേപങ്ങള്‍ സാധ്യമാക്കുന്ന പുതിയ നിക്ഷേപ പദ്ധതികള്‍ക്ക് രൂപം നല്‍കണം. ലോകകേരളസഭയില്‍ ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടന്നുവെന്ന് കരുതുന്നു. വിവരസാങ്കേതികവിദ്യ, ടൂറിസം, ഇലക്‌ട്രോണിക്‌സ് എന്നീ മേഖലകളില്‍ അടുത്ത അഞ്ചു വര്‍ഷത്തില്‍ പത്തു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്ന കേരളത്തിന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ വിജയികളായ പ്രവാസി വ്യവസായികള്‍ മുന്നോട്ടു വരണം.
ഇന്ത്യയിലെ ഏറ്റവും മികച്ച തൊഴിലാളികളായാണ് മലയാളികളെ കരുതുന്നത്. എന്നാല്‍ മറ്റു രാജ്യങ്ങളില്‍ അവര്‍ ജോലി ചെയ്യുന്ന സാഹചര്യങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. വീട്ടുജോലിയിലും ആരോഗ്യ മേഖലയിലും പണിയെടുക്കുന്ന സ്ത്രീ ജീവനക്കാരുടെ സുരക്ഷയെ സംബന്ധിച്ച് ചര്‍ച്ച ചെയ്യണം. ഇത്തരം കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനു മുന്നില്‍ വയ്‌ക്കേണ്ട നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കുന്നതിന് സംസ്ഥാനസര്‍ക്കാരിന് ലോകകേരളസഭയിലെ ചര്‍ച്ചകള്‍ സഹായകമാകുമെന്ന് കരുതുന്നു. ആവശ്യമായ നൈപുണ്യ പരിശീലനം നല്‍കിയാല്‍ കേരളത്തിലെ ചെറുപ്പക്കാര്‍ക്ക് ആഗോള തൊഴില്‍ മേഖലയെ കീഴടക്കാനാവും. പ്രവാസി ജീവിതം വരച്ചു കാട്ടുന്ന ബെന്യാമിന്റെ ആടുജീവിതത്തിലെ കഥാപാത്രമായ നജീബ് ലോകകേരളസഭയ്‌ക്കെത്തിയിരുന്നു. വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്നവര്‍ റിക്രൂട്ടിംഗ് ഏജന്‍സികളുടെ തട്ടിപ്പിനിരയായി നേരിടേണ്ടി വരുന്ന കഠിനാവസ്ഥയെക്കുറിച്ച് വ്യക്തമായ സന്ദേശമാണ് നജീബിന്റെ ജീവിതം നല്‍കുന്നതെന്ന് ഗവര്‍ണര്‍ പറഞ്ഞു. പ്രവാസികളെ ഉള്‍ക്കൊള്ളിച്ച് ലോകകേരളസഭ സംഘടിപ്പിച്ചതിനും പ്രതിപക്ഷത്തിന്റെ സഹകരണം ഉറപ്പാക്കിയതിനും മുഖ്യമന്ത്രിയെയും സംസ്ഥാന സര്‍ക്കാരിനെയും ഗവര്‍ണര്‍ അഭിനന്ദിച്ചു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒരുമിച്ചിരുന്ന് ചര്‍ച്ച ചെയ്ത് സഭാ നടപടികള്‍ വിജയിപ്പിച്ചത് മാതൃകയാണ്. രണ്ടു ദിവസത്തെ സഭ ഫലപ്രദമായി നിയന്ത്രിച്ച സ്പീക്കറെയും അദ്ദേഹം അഭിനന്ദിച്ചു.
കേരളത്തിലെ 50 ലക്ഷം പേര്‍ പ്രവാസികളെ ആശ്രയിച്ചാണ് കഴിയുന്നതെന്ന് സാമ്പത്തിക അവലോകന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 86 ശതമാനം പേരും ഗള്‍ഫ് രാജ്യങ്ങളിലാണ് ജോലിയെടുക്കുന്നത്. 3.4 ശതമാനം പേര്‍ യു.എസിലും മറ്റുള്ളവര്‍ കാനഡ, ന്യൂസിലാന്‍ഡ്, ആസ്‌ട്രേലിയ എന്നിവിടങ്ങളിലും തൊഴിലെടുക്കുന്നു. ഈ സാഹചര്യത്തില്‍ ലോകകേരളസഭ സംഘടിപ്പിച്ചത് ഏറ്റവും അനുയോജ്യമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, ഡോ. കെ.ടി. ജലീല്‍, മേയര്‍ വി. കെ. പ്രശാന്ത്, വിജയന്‍പിള്ള എം.എല്‍.എ, ചീഫ് സെക്രട്ടറി പോള്‍ ആന്റണി, കൗണ്‍സലര്‍ പാളയം രാജന്‍, രവിപിള്ള, ഡോ. അനിരുദ്ധന്‍, എന്നിവര്‍ പങ്കെടുത്തു. സഹകരണ-ടൂറിസം മന്ത്രി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സ്വാഗതവും നോര്‍ക്ക റൂട്ട്‌സ് എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ കെ. വരദരാജന്‍ നന്ദിയും പറഞ്ഞു.
തുടര്‍ന്ന്, പ്രമോദ് പയ്യന്നൂര്‍ സംവിധാനം ചെയ്ത ‘പ്രവാസ മലയാളം’ എന്ന മള്‍ട്ടി മീഡിയ മെഗാ ഷോ അരങ്ങേറി. 100 ഗായികാ ഗായകന്‍മാര്‍ ആലപിക്കുന്ന പ്രവാസഗാനങ്ങള്‍ക്കൊപ്പം നാടക, ചലച്ചിത്ര, സംഗീത, നൃത്ത മേഖലകളില്‍ 200ല്‍ പരം കലാകാരന്‍മാര്‍ ഒത്തുചേരുന്ന മെഗാ ഷോയാണിത്.
ഹിന്ദി, തമിഴ്, മലയാളം, ബംഗാളി എന്നീ ഭാഷകളിലെ പ്രധാന ഗാനങ്ങളുടെ ആലാപനങ്ങള്‍ക്കൊപ്പം പിന്നിലെ സ്‌ക്രീനില്‍ പ്രവാസ ദൃശ്യങ്ങള്‍, വേദിയില്‍ കോറിയോഗ്രാഫി അവതരണങ്ങള്‍, സാഹിത്യ കൃതികളിലെ പ്രവാസ ജീവിത സന്ദര്‍ഭങ്ങളുടെ പുനരാവിഷ്‌കാരം എന്നിവയായിരുന്നു പരിപാടിയിലെ ആകര്‍ഷണം.