ലോകത്തെവിടെയാണെങ്കിലും മലയാളിക്കൊപ്പം ഈ നാടുണ്ട് എന്ന പ്രഖ്യാപനമായിരുന്നു ലോക കേരള സഭയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നവകേരള സൃഷ്ടിക്കായി നാടിന്റെ ഒപ്പമുണ്ട് എന്ന് പ്രവാസികള്‍ക്ക് പ്രഖ്യാപിച്ച വേദി കൂടിയായിരുന്നു ഇത്. കേരള സഭയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിശാഗന്ധിയില്‍ നടന്ന ലോക കേരള സഭയുടെ സമാപന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പല കാര്യങ്ങളിലും നാം നേട്ടമുണ്ടാക്കിയെങ്കിലും കാലാനുസൃതമായി മുന്നേറാനുണ്ട്. ലോകത്താകെയുള്ള മലയാളികളില്‍ 151 പേരെയാണ് സഭയില്‍ ഉള്‍ക്കൊള്ളിക്കാനായത്. ആശയങ്ങളും അഭിപ്രായങ്ങളും അറിയിക്കാന്‍ കഴിവുള്ള ഒരുപാടുപേരെ എണ്ണത്തിന്റെ പരിമിതി മൂലം ഉള്‍ക്കൊള്ളിക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളം ഒറ്റമനസായി തുടര്‍ന്നും മുന്നോട്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ സങ്കല്‍പം ലോകത്തിന് മുമ്പേ പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞതായി ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. വികസനകാര്യങ്ങളില്‍ യോജിപ്പുണ്ടാക്കാന്‍ കഴിയുന്ന കാര്യങ്ങളില്‍ സമവായത്തിന്റെ തുടക്കമായി ലോക കേരള സഭയെ മാറുമെന്നും അദ്ദേഹം പറഞ്ഞു. വികസന കാര്യങ്ങളില്‍ രാഷ്ട്രീയം മാറ്റിവെച്ചാണ് ലോകകേരള സഭയില്‍ സഹകരിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.