പത്തനംതിട്ട: സ്‌കൂള്‍ വഴിയുള്ള മാലിന്യശേഖരണ പദ്ധതി കളക്‌ടേഴ്‌സ് @ സ്‌കൂള്‍ ന് കേരള പിറവി ദിനത്തില്‍ പത്തനംതിട്ട തൈക്കാവ് ഗവണ്‍മെന്റ് വി.എച്ച്.എസ്.എസില്‍ തുടക്കമായി. ശുചിത്വമിഷന്റേയും പത്തനംതിട്ട നഗരസഭയുടേയും സംയുക്ത ആഭിമുഖ്യത്തിലാണ് സ്‌കൂളില്‍ പദ്ധതി നടപ്പിലാക്കുന്നത്.
നഗരസഭാധ്യക്ഷ റോസ്‌ലിന്‍ സന്തോഷ് പദ്ധതി ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ എ.സഗീര്‍, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ സിന്ധു അനില്‍, ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി.രാധാകൃഷ്ണന്‍, നഗരസഭ സെക്രട്ടറി എ.എം.മുംതാസ്, ക്ലീന്‍ കേരള കമ്പനി ജില്ലാ മാനേജര്‍ എം.ബി.ദിലീപ് കുമാര്‍, പി.ടി.എ പ്രസിഡന്റ് അഡ്വ.ശ്രീകുമാര്‍, വൈസ് പ്രസിഡന്റ് ജാസ്മിന്‍ നൗഷാദ്, എസ്.പി.സി വൈസ് പ്രസിഡന്റ് സുരേഷ്‌കുമാര്‍, പ്രിന്‍സിപ്പാള്‍മാരായ ലിന്‍സി എല്‍.സ്‌കറിയ, ആര്‍. ഉഷാകുമാരി, ഹെഡ്മിസ്ട്രസ് എസ്.ലീലാമണി, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പെറ്റ് ബോട്ടില്‍, ഹാര്‍ഡ് ബോട്ടില്‍, പാല്‍ കവര്‍, പേപ്പര്‍ എന്നിവ നിക്ഷേപിക്കാനുള്ള മിനി മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റികള്‍ സ്‌കൂളില്‍ സ്ഥാപിച്ചു. വീടുകളില്‍നിന്ന് ഇവ കഴുകി വൃത്തിയാക്കി ഉണക്കി വിദ്യാര്‍ഥികള്‍ സ്‌കൂളുകളിലേക്കു കൊണ്ടുവരും.
ബിന്നുകള്‍ നിറയുമ്പോള്‍ നഗരസഭയുടെ നേതൃത്വത്തില്‍ ശേഖരിച്ച് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറും. എന്‍.എസ്.എസ്, സ്റ്റുഡന്റ് പൊലീസ്, എന്‍.സി.സി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ് തുടങ്ങിയവയുടെ മേല്‍നോട്ടത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.