കുടുംബശ്രീ കേരളത്തിലെ സ്ത്രീകളെ അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് എത്തിച്ചതായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. മൂന്ന് ദിവസങ്ങളിലായി പാലക്കാട് നടന്ന കുടുംബശ്രീ സംസ്ഥാന കലോത്സവം, അരങ്ങിന്റെ സമാപന സമ്മേളനം പാലക്കാട് വിക്ടോറിയ കോളേജിലെ പ്രധാന വേദിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുടുംബശ്രീ സംസ്ഥാന കലോത്സവത്തിന്റെ സമാപനം മന്ത്രി എ.സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്യുന്നു

കുടുംബശ്രീ കേരളത്തിലെ സ്ത്രീകളെ ലക്ഷ്യബോധവും വ്യക്തിത്വവും ഉള്ളവരാക്കി.മികച്ച കലാകാരികളെ കൈവശമുള്ള കലയിലൂടെ ജീവിക്കാന്‍ പ്രാപ്തരാക്കുന്ന സംവിധാനം കുടുംബശ്രീ ഒരുക്കും. മതേതര കേരളത്തിന് കുടുംബശ്രീ കൂട്ടായ്മ നല്‍കിയ സംഭാവന വലുതാണ്. കുടുംബശ്രീ സ്ത്രീകളുടെ സംഘശക്തി വളര്‍ത്തിയെന്നും മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. പ്രളയകാലത്ത് കുടുംബശ്രീ പ്രസ്ഥാനം നല്‍കിയത് 12.5 കോടിയുടെ സഹായമാണെന്നും മന്ത്രി ഓര്‍മിപ്പിച്ചു.
ഷാഫി പറമ്പില്‍ എം. എല്‍. എ അധ്യക്ഷനായ പരിപാടിയില്‍ എം .എല്‍. എ മാരായ കെ. വി വിജയദാസ്,കെ.ബാബു ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.