മുളന്തുരുത്തി: ജനകീയ പങ്കാളിത്തത്തോടെ പ്ലാസ്റ്റിക്ക് രഹിത പഞ്ചായത്തെന്ന ലക്ഷ്യത്തിലേക്ക് മുന്നേറുകയാണ് മുളന്തുരുത്തി ഗ്രാമപഞ്ചായത്ത്. ഇക്കഴിഞ്ഞ ഗാന്ധിജയന്തി ദിനത്തിൽ ഏർപ്പെടുത്തിയ പ്ലാസ്റ്റിക്ക് നിരോധനം കാര്യക്ഷമമായി നടപ്പിലാക്കാൻ വിപുലമായ ബോധവത്ക്കരണ പരിപാടികളും കർമ്മ പദ്ധതികളും ഊർജ്ജിതമാക്കി. പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് എല്ലാ ഭവനങ്ങളിലും തുണി സഞ്ചി എത്തിക്കും.

ക്യാമ്പയിന്റെ ഭാഗമായിട്ടുള്ള തുണിസഞ്ചികളുടെ നിർമ്മാണത്തിന് സയൻസ് സെന്ററിൽ തുടക്കമായി. പഞ്ചായത്തിലേക്ക് ആവശ്യമായ തുണിസഞ്ചികൾ പഞ്ചായത്തിൽ തന്നെ നിർമ്മിക്കാനാണ് ഭരണസമിതിയുടെ തീരുമാനം. ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാലയങ്ങളിലും പ്രധാന കേന്ദ്രങ്ങളിലും പ്ലാസ്റ്റിക് വിപത്തിനെ ആസ്പദമാക്കി ചാക്യാർക്കൂത്ത് അരങ്ങേറി.

കടകളിലും വ്യാപാര സ്ഥാപനങ്ങളിലും പ്ലാസ്റ്റിക് ക്യാരി ബാഗുകൾ ലഭിക്കുകയില്ല. ഇത്തരം കവറുകളിൽ വ്യാപാരികൾ സാധനങ്ങൾ നൽകുകയുമില്ല. പഞ്ചായത്ത് പരിധിയിലെ എല്ലാ സ്ഥാപനങ്ങൾക്കും ഹരിതപെരുമാറ്റ ചട്ടങ്ങൾ ബാധകമാണ്. ഇവ ലംഘിച്ചാൽ 5000 രൂപ പിഴ നൽകേണ്ടിവരും.
തുണി സഞ്ചി നിർമ്മാണത്തിന്റെ മൂന്നാം ഘട്ട പരിശീലനം സയൻസ് സെന്ററിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ റെഞ്ചി കുര്യൻ ഉദ്ഘാടനം ചെയ്തു.