*ഗുണനിലവാര പരിശോധനയില്‍ ദേശീയതലത്തില്‍ പൂതാടി മൂന്നാംസ്ഥാനത്ത്
വയനാട്: നൂല്‍പ്പുഴ കുടുംബാരോഗ്യകേന്ദ്രത്തിനു ശേഷം വയനാട്ടില്‍ നിന്ന് ഒരു സര്‍ക്കാര്‍ ആശുപത്രി കൂടി നേട്ടത്തിന്റെ നെറുകയില്‍. ദേശീയ ഗുണനിലവാര പരിശോധനയില്‍ (നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ്) പൂതാടി കുടുംബാരോഗ്യകേന്ദ്രം ദേശീതലത്തില്‍ മൂന്നാം സ്ഥാനത്തെത്തി. സംസ്ഥാനത്ത് പരിശോധന നടന്ന 13 സര്‍ക്കാര്‍ ആശുപത്രികളില്‍ ഒന്നാംസ്ഥാനത്താണ് പൂതാടി.
സെപ്റ്റംബര്‍ 18, 19 തിയ്യതികളിലാണ് നാഷണല്‍ ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്സ് സെന്റര്‍ നിയോഗിച്ച സംഘം പൂതാടി ആശുപത്രിയില്‍ പരിശോധന നടത്തിയത്. പബ്ലിക് ഹെല്‍ത്ത് പ്രൊഫഷണല്‍ ഡോ. മഹ്താബ് സിങ്, ആന്ധ്രാപ്രദേശ് മെഡിക്കല്‍ എജ്യുക്കേഷന്‍ ജോയിന്റ് ഡയറക്ടര്‍ ഡോ. ബി. വെങ്കടേശ്വര റാവു എന്നിവരായിരുന്നു സംഘത്തില്‍.
ആശുപത്രിയിലെ വിവിധ വിഭാഗങ്ങള്‍ പരിശോധിച്ച സംഘം മികച്ച പ്രതികരണവും നല്‍കി. കേന്ദ്രസംഘം എത്തുന്നതിന് മുന്നോടിയായി പൂതാടി പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി സുബ്രഹ്മണ്യന്‍, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ബി അഭിലാഷ്, മെഡിക്കല്‍ ഓഫിസര്‍ ഡോ. വി.ജെ പോള്‍, ക്വാളിറ്റി അഷ്വറന്‍സ് ഓഫിസര്‍ ജോജിന്‍ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു.
ഒ.പി, ലാബ്, ദേശീയ ആരോഗ്യ പരിപാടി, ജനറല്‍ അഡ്മിനിസ്ട്രേഷന്‍ എന്നീ വിഭാഗങ്ങളിലായി രോഗികള്‍ക്കുള്ള മികച്ച സേവനങ്ങള്‍, മരുന്നുകളുടെ ലഭ്യതയും വിതരണവും, ക്ലിനിക്കല്‍ സേവനങ്ങള്‍, പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, മാതൃ-ശിശു ആരോഗ്യം, ജീവിതശൈലി രോഗനിയന്ത്രണം, പ്രതിരോധ കുത്തിവയ്പ് സേവനങ്ങള്‍ തുടങ്ങി എട്ടു വിഭാഗങ്ങളെ അടിസ്ഥാനമാക്കിയാണ് നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുക.
സംസ്ഥാന തലത്തിലും ദേശീയ തലത്തിലുമുള്ള വിവിധ മൂല്യ നിര്‍ണയങ്ങളിലൂടെ ഇതു കടന്നുപോവും. ഇവയില്‍ ഓരോ വിഭാഗത്തിലും എഴുപത് ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടണം. ഇത്തരത്തില്‍ പൂതാടി കുടുംബാരോഗ്യ കേന്ദ്രത്തിന് ദേശീയ തലത്തില്‍ ലഭിച്ചത് 97 ശതമാനം മാര്‍ക്കാണ്.
വൈകുന്നേരം വരെയുള്ള മികച്ച ഒ.പി. സൗകര്യം, രജിസ്ട്രേഷന്‍ കൗണ്ടറുകള്‍, മുന്‍കൂട്ടി ബുക്കിങ് സൗകര്യം, മികച്ച കാത്തിരിപ്പ് സ്ഥലങ്ങള്‍, കുടിവെള്ള ടോയ്ലറ്റ് സൗകര്യങ്ങള്‍, സ്ത്രീ-ഭിന്നശേഷി സൗഹൃദം, പ്രിചെക്കപ്പ് ഏരിയ, ലാബ്, ഡിസ്പ്ലേകള്‍, സ്വകാര്യതയുള്ള പരിശോധനാ മുറികള്‍, വിവിധ ക്ലിനിക്കുകള്‍ എന്നീ സൗകര്യങ്ങള്‍ ഇവിടെയുണ്ട്.