കൊച്ചി: പറവൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള വായനശാലകൾക്ക് ഫർണിച്ചറുകളും പുസ്തകങ്ങളും വിതരണം ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യേശുദാസ് പറപ്പിള്ളി നിർവഹിച്ചു.

ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഏഴിക്കര, വടക്കേക്കര, ചിറ്റാറ്റുകര, ചേന്ദമംഗലം, കോട്ടുവള്ളി പഞ്ചായത്തുകളിലെ ലൈബ്രറി കൗൺസിൽ അംഗീകാരമുള്ള 15 വായനശാലകൾക്കാണ് ഫർണിച്ചറുകളും പുസ്തകങ്ങളും വിതരണം ചെയ്തത്. 2019-20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്ന് ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നിർവഹണം നടത്തിയത്.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമ ശിവശങ്കരൻ, മറ്റ് അംഗങ്ങളായ സീതാലക്ഷ്മി, ഗീത സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.ജി ശ്രീദേവി, ജനറൽ എക്സ്റ്റൻഷൻ ഓഫീസർ കെ.ബി ശ്രീകുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.