കൊച്ചി: ജില്ലാ ഭരണകൂടം നിയമാനുസൃതം അംഗീകരിക്കാത്ത ജലസ്രോതസുകളില്‍ നിന്നും വാണിജ്യാടിസ്ഥാനത്തില്‍ വെള്ളം ടാങ്കറുകളില്‍ കയറ്റിക്കൊണ്ടുപോകുന്നത് അനുവദിക്കില്ലെന്ന് ജില്ലാ കളക്ടര്‍ കെ. മുഹമ്മദ് വൈ സഫിറുള്ള അറിയിച്ചു. ഇത്തരത്തില്‍ വെള്ളം ഊറ്റുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി.
കഴിഞ്ഞ വര്‍ഷം വരള്‍ച്ച രൂക്ഷമായ ഘട്ടത്തില്‍ ലഭ്യമായ സ്രോതസുകളില്‍ നിന്നും ശുദ്ധജലം ശേഖരിച്ച് ദൗര്‍ലഭ്യമുള്ള പ്രദേശങ്ങളിലേക്ക് ടാങ്കറുകളില്‍ എത്തിക്കുന്നതിന് അനുമതി നല്‍കിയിരുന്നു. തദ്ദേശസ്ഥാപനങ്ങളും പൊലീസും ടാങ്കറുകളെ തടയുന്ന സാഹചര്യത്തിലാണ് ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നതിനായി ജില്ലാ ഭരണകൂടം ഇടപെട്ടത്. എന്നാല്‍ ഈ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്ത് പാറമടകള്‍, തോടുകള്‍, സ്വകാര്യ കിണറുകള്‍ എന്നിവിടങ്ങളില്‍ നിന്നും അനിയന്ത്രിതമായി വെള്ളമൂറ്റി വില്‍പ്പന നടത്തുന്നത് സംബന്ധിച്ച് നിരവധി പരാതികള്‍ കളക്ടര്‍ക്ക് ലഭിച്ചു.
ഈ സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം അംഗീകരിച്ചിട്ടുള്ളതും ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതിയുള്ളതുമായ ശുദ്ധജല സ്രോതസുകളില്‍ നിന്നും ശേഖരിക്കുന്ന ശുദ്ധജലം ടാങ്കറില്‍ ശുദ്ധജല ലഭ്യത കുറഞ്ഞ പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നത് തടയരുതെന്നാണ് ഉദ്ദേശിക്കുന്നതെന്ന് കളക്ടര്‍ പുതിയ ഉത്തരവില്‍ വ്യക്തമാക്കി.
വരള്‍ച്ച പ്രതിരോധത്തിന്റെ ഭാഗമായി ജല അതോറിറ്റി പൈപ്പുകളുടെ അറ്റകുറ്റപ്പണി സമയബന്ധിതമായി പൂര്‍ത്തീകരിക്കണം. ജലം പാഴാക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഫീല്‍ഡ് പരിശോധന നടത്തണമെന്നും കളക്ടറുടെ ഉത്തരവില്‍ പറയുന്നു. ശുദ്ധജല സ്രോതസുകളിലെ ജലസാമ്പിളുകള്‍ ശേഖരിച്ച് ഗുണനിലവാര പരിശോധന നടത്തി വരള്‍ച്ച കാലയളവില്‍ ഈ വെള്ളം പ്രയോജനപ്പെടുത്താന്‍ തഹസില്‍ദാര്‍മാരും, ഭൂജല വകുപ്പും നടപടി സ്വീകരിക്കണം. ഹാന്‍ഡ് പമ്പുകള്‍ അറ്റകുറ്റപ്പണി നടത്തി ഉപയോഗയോഗ്യമാക്കാനും കളക്ടര്‍ നിര്‍ദേശം നല്‍കി.
കഴിഞ്ഞ രണ്ടുവര്‍ഷങ്ങലില്‍ വിവിധ താലൂക്കുകളില്‍ അനുവദിച്ച വാട്ടര്‍ കീയോസ്‌കുകളുടെ നിലവിലുള്ള അവസ്ഥ ജനുവരി 22ന് വൈകിട്ട് അഞ്ചു മണിക്കകം തഹസില്‍ദാര്‍മാര്‍ ദുരന്ത നിവാരണ വിഭാഗം ഡപ്യൂട്ടി കളക്ടര്‍ക്ക് നിശ്ചിതഫോമില്‍ കൈമാറണം. 2016ല്‍ 78 കീയോസ്‌കുകളും 2017ല്‍ 100 കീയോസ്‌കുകളുമാണ് ജലവിതരണത്തിനായി വിവിധ താലൂക്കുകളില്‍ ആകെ അനുവദിച്ചത്.