കാക്കനാട്: കൊച്ചി നഗരത്തിന്റെ ജീവരേഖയായ തേവര പേരണ്ടൂര്‍ കനാലില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം ശിക്ഷാനടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടറുടെ ഉത്തരവ്. കനാലിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച പരാതിയില്‍ നടപടി സ്വീകരിക്കാനുള്ള ഹൈക്കോടതി നിര്‍ദ്ദേശത്തെതുടര്‍ന്നാണ് ജില്ലാഭരണകൂടത്തിന്റെ ഇടപെടല്‍. 2005 ദുരന്തനിവാരണ നിയമത്തിലെ വിവിധ ചട്ടങ്ങള്‍ പ്രാകരം കുറ്റക്കാര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരവും മുന്‍സിപ്പാലിറ്റി നിയമപ്രകാരവും നടപടി സ്വീകരിക്കും.
കനാലില്‍ മാലിന്യം വലിച്ചെറിയുന്നതും, മലിനജലം ഒഴുക്കുന്നതും കുറ്റകരമാണ്. പൈപ്പിലൂടെ മഴവെള്ളം പൊതു ഓടകളിലേക്കോ വഴിവക്കിലേക്കോ ഒഴുക്കുന്നതിനെതിരെയും നടപടി സ്വീകരിക്കും. വെള്ളക്കെട്ടും കുടിവെള്ള സ്രോതസ്സുകള്‍ മലിനമാകുന്നതും തടയുന്നത് ലക്ഷ്യമിട്ടാണ് കര്‍ശ്ശന നടപടി. നിയമ ലംഘകര്‍ക്കെതിരെ ദുരന്ത നിവാരണ നിയമത്തിലെ 51, 54, 55, 56 എന്നീ വകുപ്പുകള്‍ പ്രകാരം ശിക്ഷാ നടപടികള്‍ സ്വീകരിക്കും. ഒരു വര്‍ഷം തടവോ പിഴയോ പിഴയോട് കൂടിയ തടവോ ഇതുപ്രാകരം ശിക്ഷ ലഭിക്കാം.
ദുരന്തനിവാരണ നിയമത്തിലെ സെക്ഷന്‍ 22 (2) (h) പ്രകാരം ഉത്തരവ് നടപ്പിലാക്കാന്‍ കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറിയെ അധികാരപ്പെടുത്തി. ഉത്തരവ് കൃത്യമായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കി എല്ലാ മാസവും സെക്രട്ടറി ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണം.