കൊച്ചി: രാജ്യസുരക്ഷ, രക്ഷാപ്രവർത്തനം, ചരക്കുനീക്കം തുടങ്ങി വിവിധ മേഖലകളിൽ ഇന്ത്യൻ നാവികസേന നൽകുന്ന സേവനങ്ങൾ വിശദീകരിക്കുന്നതിന് ദക്ഷിണ നാവിക ആസ്ഥാനത്തിന്റെ നേതൃത്വത്തിൽ ജില്ലയിലെ മാധ്യമ പ്രവർത്തകർക്ക് വൺ ഡേ വിത് നേവി പരിപാടി സംഘടിപ്പിച്ചു. അറബിക്കടലിൽ വടക്ക് – പടിഞ്ഞാറ് ദിശയിൽ കൊച്ചിയിൽ നിന്നും 20 നോട്ടിക്കൽ മൈൽ ദൂരത്തേക്കാണ് യാത്ര സംഘടിപ്പിച്ചത്. ഐ എൻ എസ് സുനയന എന്ന നിരീക്ഷണക്കപ്പലിലായിരുന്നു യാത്ര.
സാരഥി, തീർ എന്നീ രണ്ടു കപ്പലുകളും രണ്ട് സ്പീഡ് ബോട്ടുകളും നാവിക സേനയുടെ ചേതക് ഹെലികോപ്റ്ററും മൂന്ന് നിരീക്ഷണ ഡോണിയർ വിമാനങ്ങളുമാണ് പ്രകടനങ്ങൾക്ക് ഉപയോഗിച്ചത്. അപകടകരമായ വസ്തുക്കൾ കണ്ടെത്തുന്നതിനുള്ള കപ്പൽ പരിശോധന, കടലിൽ കപ്പലിന് തീപിടുത്തമുണ്ടായാൽ അണയ്ക്കുന്ന രീതി, കപ്പലിൽ ഹെലികോപ്റ്റർ ലാൻഡ് ചെയ്യുന്നത്, ഒരു കപ്പലിൽ നിന്നും മറ്റൊന്നിലേക്ക് ആളുകളെയോ വസ്തുക്കളോ കൈമാറുന്നത് തുടങ്ങിയവ ചെയ്തു കാണിച്ചു. നാവിക സേനയുടെ പ്രതിരോധ വക്താവ് കമാണ്ടർ ശ്രീധർ വാര്യർ നടപടികൾ വിശദീകരിച്ചു.
