പിറവം: പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തിന്റെയും ക്ഷീരവികസന വകുപ്പിന്റെയും ആഭിമുഖ്യത്തിൽ ക്ഷീരസംഗമം സംഘടിപ്പിച്ചു.ക്ഷീരസംഗമവും തെക്കൻ പിറമാടം ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ നവീകരിച്ച മന്ദിര ഉദ്ഘാടനവും എം.എൽ.എ അനൂപ് ജേക്കബ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമിത് സുരേന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുതിർന്ന ക്ഷീരകർഷകനെ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജെസ്സി ജോണി ആദരിച്ചു. ബ്ലോക്കിലെ മികച്ച ക്ഷീരകർഷകരെയും, മികച്ച പാൽ ഗുണനിലവാരമുള്ള സംഘത്തെയും, സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പാൽ അളന്ന് രണ്ടാം സ്ഥാനം നേടിയ കർഷകയേയും ചടങ്ങിൽ ആദരിച്ചു.

വിദ്യാഭ്യാസ പുരസ്കാരങ്ങളും വിവിധ മേഖലയിലെ മികവിനുള്ള പുരസ്കാരങ്ങളും വിതരണം ചെയ്തു. ഇ.ആർ.സി.എം.പി.യു ചെയർമാൻ ജോൺ തെരുവത്ത്, ക്ഷീര വിസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജോസ് ജേക്കബ്, ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ കെ. എ. ജയ, വി. സി കുര്യാക്കോസ്, തിരുമാറാടി പഞ്ചായത്ത് പ്രസിഡൻറ് ഒ. എൻ വിജയൻ, പാമ്പാക്കുട പഞ്ചായത്ത് പ്രസിഡൻറ് അമ്മിണി ജോർജ്, പാലക്കുഴ സഹകരണ ബാങ്ക് പ്രസിഡൻറ് എൻ. കെ ജോസ്, ക്ഷീര വികസന ഓഫീസർ വി. സി ശ്രീലത, ബാബു തോമസ് എന്നിവർ പ്രസംഗിച്ചു.

ക്ഷീരസംഗമത്തിന് മുന്നോടിയായി നടന്ന കന്നുകാലി പ്രദർശനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സുമിത് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പാമ്പാക്കുട പഞ്ചായത്ത് പ്രസിഡണ്ട് അമ്മിണി ജോർജ് അധ്യക്ഷയായി. ഒ. കെ കുട്ടപ്പൻ, റീജമോൾ ജോബി, സുഷമ മാധവൻ, ഷാജി കുടിയിരിക്കൽ, ആർ. ടി ഗീതാഞ്ജലി തുടങ്ങിയവർ പ്രസംഗിച്ചു.