സാധാരണക്കാരെ അവഗണിക്കുന്നതിന് പകരം ആദരിക്കുന്ന നിലയാണ് ഉദ്യോഗസ്ഥർ സ്വീകരിക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൊതുജനസേവനരംഗത്തെ നൂതനആശയാവിഷ്‌കാരത്തിനുള്ള മുഖ്യമന്ത്രിയുടെ അവാർഡ് ദർബാർ ഹാളിൽ വിതരണം ചെയ്യുകയായിരുന്നു.

ഭരണസംവിധാനത്തിൽ ഉദ്യോഗസ്ഥരുടെ കൂട്ടുത്തരവാദിത്തം പ്രധാനമാണ്. സാധാരണക്കാരൻ ഓഫീസിലെത്തുമ്പോൾ ബന്ധപ്പെട്ട കസേരയിൽ ആളില്ലെങ്കിൽ ആവശ്യം മനസിലാക്കി മറ്റൊരു ഉദ്യോഗസ്ഥൻ കാര്യം നിർവഹിച്ചു കൊടുക്കുന്നത് കൂട്ടുത്തരവാദിത്തത്തിന്റെ ഭാഗമാണ്. മെച്ചപ്പെട്ട സേവനത്തിനിടയിലും ചെറിയൊരു വിഭാഗം പരമ്പരാഗതമായി സ്വീകരിച്ചുവരുന്ന തെറ്റായ ശൈലി തുടരുന്നുണ്ട്.

ഇത് ഗൗരവമായി കാണണം. സിവിൽ സർവീസിനെ ജനോപകാരപ്രദമായി മാറ്റുന്നതിനെ എതിർക്കുന്നതും ഈ ചെറിയ വിഭാഗമാണ്. ഒരു ഫോൺ വിളിയിൽ തീർക്കാവുന്ന കാര്യങ്ങൾ നോട്ട് ഫയലും, കറണ്ട് ഫയലും എഴുതി, കൊറിയിട്ട് കാലതാമസം വരുത്തി പ്രത്യേക മാനസികോല്ലാസം അനുഭവിക്കുന്ന സാഡിസ്റ്റ് മനോഭാവമുള്ള അപൂർവം പേരുണ്ട്. ഇതൊന്നും ആധുനിക സമൂഹത്തിന് ചേർന്നതല്ല.

ജനാധിപത്യ സംവിധാനത്തിൽ ഇത് നടക്കില്ല. ജനങ്ങളുണ്ടെങ്കിലേ ഈ സംവിധാനം നിലനിൽക്കൂ എന്ന തിരിച്ചറിവുണ്ടാവണം. തങ്ങളിരിക്കുന്ന കസേര തെറ്റായ രീതിയിൽ വരുമാനം ഉണ്ടാക്കാനുള്ളതാണെന്ന് ആരും കരുതരുത്. ഇത് കുറ്റകരമാണെന്നും സ്വസ്ഥ ജീവിതത്തിന് വിഘാതമുണ്ടാക്കുമെന്നും മനസിലാക്കണം.

അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമെന്ന പേരിന് കേരളം അർഹമായിട്ടുണ്ട്. ഇതിൽ സംസ്ഥാനത്തെ ഉദ്യോഗസ്ഥർക്ക് പ്രധാന പങ്കുണ്ടെന്നും എല്ലാവരെയും അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ സെക്രട്ടേറിയറ്റിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ ജനകീയ മുഖമാണ്. സംസ്ഥാന രൂപീകരണത്തിനു ശേഷം ആദ്യമായി അധികാരത്തിലേറിയ മന്ത്രിസഭ രൂപപ്പെടുത്തിയ അടുക്കും ചിട്ടയുമുള്ള ഉയർന്ന ജനകീയ മനോഭാവമാണിതിനു കാരണം. ഇത് നിലനിർത്തുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണ്.

കേരളത്തിലെ സിവിൽ സർവീസ് രംഗം കാലാനുസൃതമായി പരിഷ്‌കരിക്കാനുള്ള നടപടി സർക്കാർ സ്വീകരിച്ചിട്ടുണ്ട്. സർക്കാർ സേവനം സമയബന്ധിതമായും മികച്ച രീതിയിലും പൊതുജനങ്ങൾക്ക് നൽകുക എന്നതാണ് പ്രധാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഹൃദ്യം ദേശീയ ആരോഗ്യ മിഷൻ, ഔവർ റെസ്‌പോൺസിബിലിറ്റി ടു ചിൽഡ്രൻ, ജിയോ ടെക്‌സ്‌റ്റൈൽ ഫോർ കുറ്റ്യാടി ഇറിഗേഷൻ പ്രോജക്ട് കനാൽ, റെജുവനേഷൻ ഓഫ് കുട്ടമ്പേരൂർ റിവർ, കൺസർവേഷൻ ഓഫ് വാട്ടർ റിസോഴ്‌സ്, സമ്പൂർണ നെൽകൃഷി മയ്യിൽ ഗ്രാമപഞ്ചായത്ത് എന്നീ പദ്ധതികൾക്കാണ് അവാർഡ് ലഭിച്ചത്.

റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. തദ്ദേശസ്വയംഭരണ മന്ത്രി എ. സി. മൊയ്തീൻ, ആരോഗ്യ മന്ത്രി കെ. കെ. ശൈലജ, ചീഫ് സെക്രട്ടറി ടോം ജോസ്, ഐ. എം. ജി ഡയറക്ടർ കെ. ജയകുമാർ, ജൂറി ചെയർമാൻ ഡോ. കെ. എം. എബ്രഹാം, അഡീഷണൽ ചീഫ് സെക്രട്ടറി ദേവേന്ദ്രകുമാർ സിംഗ്, പി. ആർ. ഡി ഡയറക്ടർ യു. വി. ജോസ്, ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് സെക്രട്ടറി കെ. ഗോപാലകൃഷ്ണഭട്ട് എന്നിവർ സംസാരിച്ചു. ഡെപ്യൂട്ടി സെക്രട്ടറി ഉഷ എ. ആർ. റിപ്പോർട്ട് അവതരിപ്പിച്ചു.