കൊച്ചി: സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ നടക്കുന്ന അതിക്രമങ്ങൾ തടയുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട മേഖലകളിലെ ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന വിധത്തിൽ വനിതാ ശിശു വികസന വകുപ്പ് ശ്രദ്ധ 2019 ഏകദിന ശില്പശാല സംഘടിപ്പിച്ചു. കൊച്ചി മേയർ സൗമിനി ജയിൻ ശില്പശാല ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികൾ, അധ്യാപകർ, സേവനദാതാക്കൾ, പൗരസമിതി, യൂത്ത് ക്ലബ്, റസിഡൻസ് അസോസിയേഷനുകൾ, ജാഗ്രതാ സമിതി അംഗങ്ങൾ, കുടുംബശ്രീ, അങ്കണവാടി പ്രവർത്തകർ, എസ്.സി /എസ്.ടി പ്രമോട്ടർമാർ എന്നിവരാണ് ശിൽപ്പശാലയിൽ പങ്കെടുത്തത്.

ജെൻഡർ സെൻസൈറ്റേഷൻ എന്ന വിഷയത്തിൽ കൾച്ചറൽ അക്കാദമി ഫോർ പീസ് ചെയർപേഴ്സൺ ബീന സെബാസ്റ്റ്യൻ, വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികളെക്കുറിച്ച് വനിതാ സംരക്ഷണ ഓഫീസർ ദീപ എം.എസ്, സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണ നിയമങ്ങളെക്കുറിച്ച് ലിസ്സ് ഇന്ത്യ സർവീസ് പ്രൊവൈഡിങ് സെന്റർ ലീഗൽ കൗൺസിലർ മേഘ ദിനേശ് തുടങ്ങിയവർ ക്ലാസെടുത്തു.

പള്ളുരുത്തി കമ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ കൊച്ചി കോർപ്പറേഷൻ ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ എ.ബി സാബു, കൗൺസിലർ തമ്പി സുബ്രഹ്മണ്യൻ, സഖി വൺ സ്റ്റോപ്പ് സെന്റർ അഡ്മിനിസ്ട്രേറ്റർ ബിൻസി ബാബു തുടങ്ങിയവർ സംസാരിച്ചു.