കേരള സർക്കാർ പൊതുഗതാഗത ശാക്തീകരണത്തിന് ‘അനസ്യൂതയാത്ര കൊച്ചി’ എന്ന ബൃഹത്പരിപാടിയുടെ ഭാഗമായി കൊച്ചിയിൽ ആരംഭിച്ച ‘സ്മാർട്ട് ബസ് പദ്ധതി’യ്ക്ക് കേന്ദ്ര നഗര-ഭവന മന്ത്രാലയത്തിന്റെ അർബൻ മൊബിലിറ്റി ഇന്ത്യ കോൺഫറൻസിൽ മികച്ച നഗര ബസ് സേവന പദ്ധതിക്കുള്ള പുരസ്‌ക്കാരം ലഭിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നടത്തുന്ന പൊതുഗതാഗത സംരംഭങ്ങളിൽ സ്തുത്യർഹ സംരംഭം എന്ന നിലയിലാണ് അവാർഡ്.

2017-ൽ സംസ്ഥാന സർക്കാർ പൊതുഗതാഗത ശാക്തീകരണത്തിന് വിവിധ മാർഗങ്ങൾ പരീക്ഷാണാടിസ്ഥാനത്തിൽ കൊച്ചിയിൽ ആരംഭിക്കുന്നതിന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനെ ചുമതലപ്പെടുത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ കൊച്ചിയിലെ 1000 ത്തോളം ബസുകളെ സേവനമേഖല തിരിച്ച് ഏഴ് ബസ് കമ്പനികളാക്കി. ഇവയിൽ പൊതുജനോപകാരപ്രദമായ സംവിധാനമൊരുക്കി എല്ലാ ബസുകളിലും ജി.പി.എസ് അധിഷ്ഠിത വെഹിക്കിൾ ട്രാക്കിംഗ് സംവിധാനമൊരുക്കി.

യാത്രാ ആസൂത്രണ ആപ്ലിക്കേഷനും പ്രാവർത്തികമാക്കി. എല്ലാ യാത്രയ്ക്കും ഒരേ യാത്രാകാർഡ് എന്ന നിലയിൽ കൊച്ചി മെട്രോയിൽ ഉപയോഗിക്കുന്ന കൊച്ചി വൺ കാർഡ് ബസുകളിലേക്ക് വ്യാപിപ്പിച്ചു. നിലവിൽ കൊച്ചിയിലെ 150 ബസ്സുകളിൽ കൊച്ചി വൺ കാർഡ് സംവിധാനം സ്വീകരിക്കുന്ന ഇലക്‌ട്രോണിക് ടിക്കറ്റിംഗ് മെഷീൻ ലഭ്യമാക്കി.

യാത്രാസൗഹൃദമാക്കാൻ യാത്ര വിവര സഹായസംവിധാനം എന്ന നിലയിൽ ബസ്സിനുള്ളിൽ സ്‌ക്രീൻ ഘടിപ്പിക്കുകയും യാത്രികർക്ക് തൽസമയ വാർത്തകളും റോഡ് സുരക്ഷ അറിയിപ്പുകളും യാത്രാവിവരണങ്ങളും നൽകുകയും ചെയ്തു. കൂടാതെ ബസ്സിനുള്ളിലും പുറത്തും നിരീക്ഷണ ക്യാമറകൾ ഘടിപ്പിച്ച് സുരക്ഷ ശക്തമാക്കി.

ബസ് യാത്രയുടെ മുഴുവൻ വിവരങ്ങളും ബസ് ഉടമസ്ഥനും പോലീസിനും തൽസമയം ലഭ്യമാക്കുന്ന സംവിധാനം ഏർപ്പെടുത്തി. കാർഡ് ഉപയോഗിക്കുന്ന യാത്രികർക്ക് അഞ്ച് ശതമാനം ഇളവ് നൽകി. കൂടാതെ സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി ഈ ബസുകളിൽ വനിതാ പരിശോധകരെ നിയമിക്കുകയും ചെയ്തു.

ഈ സംവിധാനം കൊച്ചിയിലെ കെ.എസ്.ആർ.ടി.സി ഉൾപ്പെടെ മുഴുവൻ ബസുകളിലും ബോട്ടുകളിലും ഓട്ടോകളിലും വ്യാപിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുകയാണ്. സർക്കാറിനോ ബസുടമയ്ക്കോ അധിക സാമ്പത്തികചെലവ് ഇല്ലാതെയാണ് ഇത് നടപ്പാക്കിയത്.

കൊച്ചി വൺ കാർഡ് നടപ്പാക്കിയ ആക്സിസ് ബാങ്കിന്റെ സഹായത്തോടെ പേ ക്രാഫ്റ്റ്, ടെക്നോവിയ സൊലൂഷൻസ് എന്നിവ വഴിയാണ് ഈ സംവിധാനം ബസുകളിൽ നടപ്പിൽ വരുത്തുന്നത്. ഈ സംവിധാനം പൂർണ്ണ തോതിൽ  പ്രാവർത്തികമാവുന്നതോടെ യാത്രികർക്ക് കാർഡ് ബസ്സിനുള്ളിലെ മെഷീനിൽ ടാപ്പ് ചെയ്ത് യാത്ര ചെയ്യാനാവും.

കൊച്ചി വൺ കാർഡ് നിലവിൽ യാത്രയ്ക്കും ഷോപ്പിംഗിനും ഇളവുകളോടെ ഉപയോഗിക്കാൻ കഴിയും. കേരളത്തിലെ എല്ലാ അനുബന്ധ ആവശ്യങ്ങൾക്കും ഒറ്റകാർഡ് എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങൾ സർക്കാർ നടപ്പിലാക്കുന്നുണ്ട്.

യാത്രയ്ക്കും ഷോപ്പിംഗിനും ഉപയോഗിക്കുന്ന കാർഡ് തന്നെ ഡ്രൈവിംഗ് ലൈസൻസിനായി ഉപയോഗിക്കാനാവും വിധമുള്ള ഗോഡ്സ് ഓൺ കൺട്രി ട്രാൻസിറ്റ് കാർഡ് (GOT) ഏർപ്പെടുത്താനുള്ള നടപടികൾ സംസ്ഥാന സർക്കാർ ആരംഭിച്ചിട്ടുണ്ട്. നവംബർ 17ന് ലക്നൗവിൽ നടക്കുന്ന അർബൺ മൊബിലിറ്റി കോൺഫറൻസിന്റെ സമാപന സമ്മേളനത്തിൽ ഗതാഗത വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ പുരസ്‌ക്കാരം ഏറ്റുവാങ്ങും.