പട്ടികവർഗ വികസന വകുപ്പിന്റെ മോഡൽ റെസിഡൻഷ്യൽ സ്‌കൂളുകൾ, പ്രീമെട്രിക് ഹോസ്റ്റലുകൾ എന്നിവയിലെ വിദ്യാർഥികളുടെ കായികപരമായ കഴിവുകൾ കണ്ടെത്തി അന്താരാഷ്ട്ര നിലവാരത്തിൽ വാർത്തെടുക്കാൻ സംഘടിപ്പിക്കുന്ന കളിക്കളം 2019 ന്റെ ലോഗോ പ്രകാശനവും ഭാഗ്യചിഹ്നത്തിന്റെ അവതരണവും തീം സോംഗ് പ്രകാശനവും പട്ടികജാതി പട്ടികവർഗ പിന്നാക്ക സമുദായ ക്ഷേമവും വകുപ്പ് മന്ത്രി എ.കെ. ബാലൻ നിർവഹിച്ചു.

ചടങ്ങിൽ പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജയ് ഗാർഗ്, പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ ഡോ. പി. പുഗഴേന്തി, പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ പി.ഐ. ശ്രീവിദ്യ, പട്ടികവർഗ വികസന വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.

കളിക്കളം 2019 ന്റെ ഭാഗ്യചിഹ്നമായി തിരഞ്ഞെടുത്തിരിക്കുന്നത് ‘വീരു’ എന്ന് പേരിട്ട ഒരു ആനക്കുട്ടിയാണ്. തീംസോംഗ് എഴുതി ചിട്ടപ്പെടുത്തിയിരിക്കുന്നത് ബാലഗോപാലും ആലപിച്ചിരിക്കുന്നത് പിന്നണി ഗായകൻ അൻവർ സാദത്തുമാണ്. കളിക്കളം 2019 ഉയർത്തുന്ന സന്ദേശം  ‘ഒന്നിക്കാം മുന്നേറാം നവ കേരളത്തിനായ്’ എന്നതാണ്. നവംബർ 24, 25, 26 തിയികളിൽ കാര്യവട്ടം എൽ.എൻ.സി.പി.ഇ ക്യാമ്പസിലും ഗ്രീൻഫീൽഡ് സ്‌പോർട്‌സ് ഹബ്ബിലുമായാണ് ‘കളിക്കളം’ സംഘടിപ്പിക്കുന്നത്.