ന്യൂഡല്‍ഹി: പ്രഗതി മൈതാനിയില്‍ നടക്കുന്ന മുപ്പത്തിയൊന്‍പതാമത് അന്താരാഷ്ട്ര വ്യാപാരമേളയില്‍ കേരള പവലിയന്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി ഡോ. എ. സമ്പത്ത് ഉദ്ഘാടനം ചെയ്തു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ യു.വി. ജോസ് ബ്രോഷര്‍ പ്രകാശനം നിര്‍വഹിച്ചു. അഡീഷനല്‍ ഡയറക്ടര്‍ കെ. സന്തോഷ് കുമാര്‍, പവലിയന്‍ ഡയറക്ടര്‍ എന്‍.പി. സന്തോഷ്, ഫീല്‍ഡ് പബ്ലിസിറ്റി ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കിരണ്‍ റാം, കേരള ഹൗസ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സിനി കെ. തോമസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ് എന്ന ആശയത്തില്‍ നടക്കുന്ന മേളയില്‍ കേരളത്തിന്റെ 12 പവലിയനുകളാണുള്ളത്. ആര്‍ട്ടിസ്റ്റ് സി.ബി. ജിനന്‍ ബാലരാമപുരമാണ് കേരള പവലിയന്‍ ഒരുക്കിയത്.
സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ ലഘൂകരിക്കുന്നതിന് നിയമങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ വരുത്തിയ പരിഷ്‌കാരങ്ങള്‍ സംരംഭകര്‍ക്ക് പരിചയപ്പെടുന്നതിനുള്ള സഹായകമായ പ്രദര്‍ശനമാണ് കേരളത്തിന്റേത്.

കേരള സ്റ്റേറ്റ് ഇന്റസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (കെ. എസ്. ഐ. ഡി. സി), കേരള ഇന്റസ്ട്രിയല്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (കിന്‍ഫ്ര), കേരള സ്റ്റാര്‍ട്ട് – അപ് മിഷന്‍, ഇന്റസ്ട്രീസ് ആന്റ് കൊമേഴ്‌സ്, പഞ്ചായത്ത്, കയര്‍ ഡവലപ്‌മെന്റ്, അനിമല്‍ ഹസ്ബന്ററി,  ഹാന്‍ഡ്‌ലൂം ആന്റ് ടെക്‌സ്റ്റൈല്‍സ് എന്നീ വകുപ്പുകളും ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വുമന്‍ (സാഫ്), കുടുംബശ്രീ  എന്നീ ഏജന്‍സികളുമാണ് കേരളം കൈവരിച്ച നേട്ടങ്ങളും സംരംഭക സൗഹൃദ നടപടികളും ദൃശ്യവത്ക്കരിച്ചിട്ടുള്ളത്.  ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തിലാണ് കേരള പവലിയന്‍. സംരംഭകര്‍ക്ക് പ്രതീക്ഷയ്‌ക്കൊത്ത അടിസ്ഥാന സൗകര്യങ്ങളും സഹായവും നല്‍കി പിന്തുണ നല്‍കുന്ന സംസ്ഥാന സര്‍ക്കാരിന്റെ സാന്നിധ്യം ആകര്‍ഷകമായി ചിത്രീകരിച്ചിട്ടുള്ള സെല്‍ഫി പോയന്റ് പവലിയനിലുണ്ട്. കേരള പവലിയന്റെ നേതൃത്വത്തിലുള്ള സാംസ്‌കാരിക പരിപാടി ഈ മാസം 24 ന് മേളയില്‍ അരങ്ങേറും.