തിരുവനന്തപുരം: പൊതുജനങ്ങള്‍ക്ക് വാട്ടര്‍ അതോറിറ്റിയില്‍ പരാതികള്‍ അറിയിക്കാന്‍ ഇനി ഒരൊറ്റ നമ്പര്‍ മാത്രം ഉപയോഗിച്ചാല്‍ മതി.  സംസ്ഥാനത്ത് എല്ലായിടത്തുനിന്നും ഏതു പരാതി അറിയിക്കാനും 1916 എന്ന പുതിയ ഹെല്‍പ് ലൈന്‍ നമ്പറിലേക്കു വിളിക്കാം. കുടിവെള്ള വിതരണം, സിവറേജ് സംവിധാനം എന്നിവ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് പരാതികള്‍ അറിയിക്കുന്നതിനായുള്ള വാട്ടര്‍ അതോറിറ്റിയുടെ പുതിയ 24 മണിക്കൂര്‍ ഹെല്‍പ്പ്ലൈന്‍ നമ്പര്‍, 1916 നിലവില്‍ വന്നു.

ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നിയമസഭാ മന്ദിരത്തിലെ മീഡിയ ഹാളില്‍ ജലവിഭവ വകുപ്പുമന്ത്രി കെ. കൃഷ്ണന്‍ കുട്ടി നിര്‍വഹിച്ചു.  കറന്‍സിരഹിത സംവിധാനത്തിലൂടെ വെള്ളക്കരം ഒടുക്കുന്നതിനായി സ്ഥാപിക്കുന്ന പിഒഎസ് മെഷീനുകളുടെ പ്രവര്‍ത്തനോദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.

ഫോണ്‍ വഴി ഒരേ സമയം 30 പരാതികള്‍ സ്വീകരിക്കാവുന്ന സംവിധാനമാണ് 1916 എന്ന പുതിയ ഹെല്‍പ്പ് ലൈന്‍ വഴി ഒരുക്കുന്നത്. അവധി ദിനങ്ങളുള്‍പ്പെടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ കോള്‍ സെന്‍ററിലേക്ക് സംസ്ഥാനത്ത് എവിടെ നിന്നും എല്ലാ നെറ്റ്വര്‍ക്കുകളില്‍നിന്നും ഫോണ്‍ വഴി പരാതികള്‍ അറിയിക്കാം.

ലഭിക്കുന്ന പരാതികള്‍ ബന്ധപ്പെട്ട വാട്ടര്‍ അതോറിറ്റി സെക്ഷന്‍ ഓഫിസിലെ അസിസ്റ്റന്‍റ് എന്‍ജിനീയര്‍ക്ക് ഫോണ്‍ വഴി കൈമാറുന്നു. ഒപ്പം ബന്ധപ്പെട്ട ഔദ്യോഗിക മൊബൈല്‍ നമ്പറിലേക്കും ഔദ്യോഗിക ഇമെയിലിലേക്കും സന്ദേശങ്ങള്‍ അയയ്ക്കുന്നു. പരാതിപരിഹാരം സംബന്ധിച്ച തുടര്‍നടപടികളുടെ വിവരവും പരാതിക്കാരനെ കോള്‍ സെന്‍റര്‍ വഴി അറിയിക്കും. ഈ നമ്പരിലേക്ക് വിളിക്കുമ്പോള്‍ ഉപഭോക്താവില്‍നിന്ന് ചാര്‍ജ് ഈടാക്കുകയില്ല.

ഐടി മിഷന്‍ വഴി നടപ്പിലാക്കിയിരിക്കുന്ന കോള്‍ സെന്‍റര്‍,  മിഷന്‍റെ നിയന്ത്രണത്തിലുള്ള ‘സര്‍ക്കാര്‍ കോണ്‍ടാക്ട് സെന്‍റര്‍’ സംവിധാനത്തെ 1916 എന്ന കോഡുമായി ബന്ധപ്പെടുത്തിയാണ് പ്രവര്‍ത്തിക്കുന്നത്. കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയമാണ് 1916 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പര്‍ വാട്ടര്‍ അതോറിറ്റിക്ക് അനുവദിച്ചിരിക്കുന്നത്.

വെള്ളക്കരമൊടുക്കാൻ 113 പിഒഎസ് യന്ത്രങ്ങള്‍ 

ഉപഭോക്താക്കള്‍ക്ക് ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വെള്ളക്കരം അടയ്ക്കാന്‍ സൗകര്യമൊരുക്കുന്ന പിഒഎസ് മെഷീനുകള്‍ വിവിധ വാട്ടര്‍ അതോറിറ്റി ഓഫിസുകളിലായി ആദ്യഘട്ടത്തില്‍ 113  എണ്ണമാണ് സ്ഥാപിച്ചിട്ടുള്ളത്. 62 മെഷീനുകള്‍ കൂടി മറ്റ് ഓഫിസുകളില്‍ സ്ഥാപിക്കാനുള്ള നടപടികള്‍ നടന്നുവരുന്നു