കുറ്റകൃത്യങ്ങളില്‍പെട്ട് ജയിലിലാകുന്നവരോട് സമൂഹം കാണിക്കേണ്ട ഉത്തരവാദിത്വമാണ് നല്ല നടപ്പെന്ന് ജസ്റ്റീസ് കെ. ടി. തോമസ്. ജസ്റ്റീസ് വി. ആര്‍. കൃഷ്ണയ്യരുടെ ജന്‍മദിനത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സാമൂഹ്യ പ്രതിരോധ ദിനാചരണത്തിന്‍റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

കുറ്റവാളികളായി ആരും ജനിക്കുന്നില്ല. അപൂര്‍വ്വം ചിലര്‍ക്ക് കുറ്റകൃത്യ വാസനയുണ്ട്. സാഹചര്യങ്ങള്‍കൊണ്ട് യാദൃശ്ചികമായി കുറ്റവാളികളായി മാറുന്നവരാണ് ഭൂരിപക്ഷം. ആധാരം എഴുതുമ്പോള്‍ യഥാര്‍ത്ഥ തുക കാണിക്കാത്തതും ബില്‍ ഇല്ലാതെ സാധനങ്ങള്‍ വില്‍ക്കുന്നതും ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നതുമൊക്കെ കുറ്റകൃത്യങ്ങളാണ്. ഇതു പരിഗണിക്കുമ്പോള്‍ കുറ്റവാളികളല്ലാത്ത എത്രപേര്‍ നമുക്കിടയിലുണ്ട്?

തെറ്റു ചെയ്തവനോട് സമൂഹത്തിനുള്ള വൈരാഗ്യം ഇല്ലാതാക്കുക, കുറ്റവാളിയെ പുനരധിവസിപ്പിക്കുക,  നവീകരിക്കുക, കുറ്റം ചെയ്യുന്നതില്‍നിന്ന് അകന്നു നില്‍ക്കാന്‍ മറ്റുളളവരെ പ്രേരിപ്പിക്കുക എന്നിവയാണ് ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയില്‍ ശിക്ഷകൊണ്ട് ലക്ഷ്യമിടുന്നത്. ഇവയില്‍ ജയിലുകളുടെ പ്രവര്‍ത്തനത്തില്‍ ഏറ്റവും പ്രധാനം കുറ്റവാളികളുടെ നവീകരണമാണ്.  ജയിലില്‍ കഴിയുന്നവരെ  ഉത്തമ പൗരന്‍ മാരാക്കി മാറ്റുന്നതിനുളള സംവിധാനമാണ് പ്രൊബേഷന്‍ അഥവാ നല്ലനടപ്പ്. ഇത് ഇന്ത്യന്‍ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയില്‍ ഏറെ പ്രധാനമാണ്.

തുറന്ന ജയില്‍ എന്ന ആശയം കേരളത്തില്‍ ആദ്യമായി അവതരിപ്പിച്ചത് ജസ്റ്റീസ് വി.ആര്‍. കൃഷ്ണയ്യര്‍ ജയില്‍ മന്ത്രിയായിരുന്ന കാലത്താണ്. അദ്ദേഹത്തിന്‍റെ ജന്‍മദിനം പ്രൊബേഷന്‍ ദിനമായി ആചരിക്കുന്നത് ക്രിയാത്മകമായ നടപടിയാണ്-ജസ്റ്റീസ് കെ.ടി. തോമസ് പറഞ്ഞു.

ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു അധ്യക്ഷത വഹിച്ചു. ജുഡീഷ്യല്‍ ഒന്നാം  ക്ലാസ് മജിസ്ട്രേറ്റ് മിഥുന്‍ ഗോപി ജി. എസ് മുഖ്യ പ്രഭാഷണം നടത്തി. പ്രോസിക്യൂഷന്‍  ഡെപ്യൂട്ടി ഡയറക്ടര്‍  ജെ. പത്മകുമാര്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ എം.എം. മോഹന്‍ദാസ്, വനിതാ ശിശുവികസന ഓഫീസര്‍ പി. എന്‍ ശ്രീദേവി, ജില്ലാ ജയില്‍ സൂപ്രണ്ട് പി. വിജയന്‍, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി ചെയര്‍പേഴ്സണ്‍  അഡ്വ. ഷീജ അനില്‍, ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍  വി. ജെ. ബിനോയ്, ബി.സി.എം കോളേജ്  സോഷ്യല്‍ വര്‍ക്ക് വിഭാഗം മേധാവി ഡോ. ഐപ്പ് വര്‍ഗീസ്, ടി. ഡി. ജോര്‍ജുകുട്ടി എന്നിവര്‍ സംസാരിച്ചു. എന്‍. പി പ്രമോദ് കുമാര്‍ ക്ലാസെടുത്തു