അഞ്ചര പതിറ്റാണ്ടു മുമ്പ് രണ്ടാം ക്ലാസ് പരീക്ഷയെഴുതിയ കോട്ടയം ഗവണ്‍മെന്റ് മോഡല്‍ സ്‌കൂളില്‍ രാഘവന്‍ വീണ്ടുമെത്തി.  ഭാര്യ സൗധയ്‌ക്കൊപ്പം ഒരേ ബഞ്ചിലിരുന്ന് പരീക്ഷയെഴുതുമ്പോള്‍ അറുപത്തിഞ്ചുകാരന്റെ മുഖത്ത് ആത്മവിശ്വാസത്തിന്റെ തിളക്കം. പഠനം മുടങ്ങിയിടത്തു തന്നെ പരീക്ഷയെഴുതാന്‍ കഴിഞ്ഞതിന്റെ സന്തോഷം അദ്ദേഹം പങ്കുവച്ചു.

സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ മുതിര്‍ന്നവര്‍ക്കായി നടത്തിയ നാലാം ക്ലാസ് തുല്യതാ പരീക്ഷയിലെ വേറിട്ട കാഴ്ച്ചകളിലൊന്നായിരുന്നു ഈ ദമ്പതികള്‍. ഇതേ കേന്ദ്രത്തില്‍ മകന്‍ രാഹുലിനൊപ്പം പരീക്ഷയെഴുതിയ പൊന്നമ്മയും പ്രായത്തെ തോല്‍പ്പിച്ച് പഠനത്തിനിറങ്ങിയ എഴുപത്തിയാറുകാരി ഭവാനി ഭാസ്‌കരനും വിജയം ഉറപ്പിച്ചാണ് മടങ്ങിയത്.

വൈകല്യങ്ങളോടു പടവെട്ടി വീല്‍ ചെയറില്‍ എത്തിയ സന്ധ്യയുടെ ലക്ഷ്യം പത്താംതരം തുല്യതാ പരീക്ഷ വിജയിക്കുകയാണ്.

കോട്ടയം ജില്ലയില്‍ ആകെ 162 പേര്‍ നാലാം തരം തുല്യതാ പരീക്ഷയെഴുതി.  ഇതില്‍ 114 പേര്‍ സ്ത്രീകളാണ്. പട്ടികജാതി വിഭാഗത്തില്‍നിന്ന് 47 പേരും പട്ടിക വര്‍ഗ്ഗക്കാരായ ആറു പേരുമുണ്ട്.  മീനച്ചില്‍ പഞ്ചായത്തിലെ എണ്‍പത്തിനാലുകാരന്‍ പി.കെ. കൃഷ്ണന്‍കുട്ടിയാണ് ഏറ്റവും പ്രായം കൂടിയ പഠിതാവ്. ഉഴവൂര്‍ പഞ്ചായത്തിലെ ജിയന്ന സണ്ണി(16) ആണ് ഏറ്റവും പ്രായം കുറഞ്ഞയാള്‍.