സാമൂഹ്യ നീതി വകുപ്പ്, ജില്ലാ പ്രൊബേഷന്‍ ഓഫീസ്, ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പ്രൊബേഷന്‍ ദിനാഘോഷവും നല്ല നടപ്പ് വാരാചരണവും സംഘടിപ്പിച്ചു. പരിവര്‍ത്തനം 2019 എന്ന പേരില്‍ സംഘടിപ്പിച്ച ദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ നിര്‍വ്വഹിച്ചു. ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സെക്രട്ടറി സബ്ജഡ്ജ് കെ.പി സുനിത അധ്യക്ഷത വഹിച്ചു. അഡീഷണല്‍ പൊലീസ് സൂപ്രണ്ട് കെ.കെ.മൊയ്തീന്‍കുട്ടി മുഖ്യാതിഥിയായിരുന്നു. കുറ്റകൃത്യം കുറയ്ക്കുന്നതില്‍ പരിവര്‍ത്തന ശിക്ഷാ രീതികളുടെ പങ്ക് എന്ന വിഷയത്തില്‍ ചൈല്‍ഡ്‌ലൈന്‍ പ്രൊജക്ട് ഡയറകടര്‍ സി.കെ.ദിനേശന്‍, പ്രൊബേഷന്‍ നിയമവും നേര്‍വഴി പദ്ധതിയും എന്ന വിഷയത്തില്‍ ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ അഷ്‌റഫ് കാവില്‍, സാമൂഹ്യ പ്രതിരോധ മേഖലയിലെ പുനരധിവാസ പദ്ധതികള്‍ എന്ന വിഷയത്തില്‍ പ്രൊബേഷന്‍ അസിസ്റ്റന്റ് കെ തല്‍ഹത്ത് എന്നിവര്‍ ക്ലാസ്സെടുത്തു. ജസ്റ്റിസ് വിആര്‍ കൃഷ്ണയ്യരുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ‘ഇതിഹാസം ഈ ജീവിതം’ എന്ന ഡോക്യുമെന്ററി പ്രദര്‍ശനവും നടന്നു. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ പവിത്രന്‍ തൈക്കണ്ടി, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് താളൂര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ കെ.കെ. പ്രജിത്ത് എന്നിവര്‍ പങ്കെടുത്തു.

ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യരുടെ ജന്മദിനമായ നവംബര്‍ 15 ഈ വര്‍ഷം മുതല്‍ നല്ല നടപ്പ് അഥവാ പ്രൊബേഷന്‍ ദിനമായി സര്‍ക്കാര്‍ ആഘോഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് ജില്ലയിലും ദിനാഘോഷം സംഘടിപ്പിച്ചത്. പ്രൊബേഷന്‍ നിയമത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുക, നല്ല നടപ്പ് ഉള്‍പ്പെടെയുള്ള സാമൂഹ്യ പ്രതിരോധ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തി സമൂഹത്തില്‍ കുറ്റകൃത്യങ്ങള്‍ കുറയ്ക്കുക, മേഖലയിലെ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളെ കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക തുടങ്ങിയവയാണ് ദിനാഘോഷം ലക്ഷ്യമിടുന്നത്. ഡിസംബര്‍ 4 വരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പരിപാടികള്‍ നടക്കും. മാനന്തവാടി ജില്ലാ ജയില്‍, വൈത്തിരി സബ് ജയില്‍ കേന്ദ്രീകരിച്ച് തടവുകാര്‍ക്ക് ബോധവത്കരണ ക്ലാസ്സുകളും കലാ സാഹിത്യ മത്സരങ്ങളും നടത്തും. പോസ്റ്റര്‍ പ്രദര്‍ശനം, ഡോക്യുമെന്ററി പ്രദര്‍ശനം, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ കലാ സാഹിത്യ മത്സരങ്ങള്‍ എന്നിവയും നടത്തും.