മിഷന്‍ അന്ത്യോദയ വിവരശേഖരണവും ജില്ലാതല പരിശീലനവും ജില്ലാ ആസൂത്രണ ഭവനില്‍ സംഘടിപ്പിച്ചു. ആയിരം ദിവസത്തിനുളളില്‍ ദാരിദ്ര്യ നിര്‍മാര്‍ജനം ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച മിഷന്‍ അന്ത്യോജന പദ്ധതിയില്‍ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് വിവിധ വികസന സൂചികകളുടെ അടിസ്ഥാനത്തിലാണ് സര്‍വ്വേ നടത്തുന്നത്. സര്‍വ്വേയിലൂടെ പഞ്ചായത്തുകള്‍ റാങ്ക് ചെയ്യപ്പെടും. ഇതിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് വികസന പദ്ധതികള്‍ നടപ്പിലാക്കുക. സംസ്ഥാനത്ത് ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റാണ് സര്‍വ്വേ നടത്തുന്നത്. പരിശീലന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ നിര്‍വ്വഹിച്ചു. ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ഇ.വി പ്രേമരാജന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

രാജ്യത്ത് 8.8 കോടി ജനങ്ങള്‍ അതീവ ദാരിദ്രത്തില്‍ കഴിയുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നതെന്നും മുഴുവന്‍ ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതികളും ഏകോപിപ്പിച്ച് ദാരിദ്ര്യ ദുരിതമനുഭവിക്കുന്നവരുടെ മോചനമാണ് പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നതെന്നും ജനകീയാസൂത്രണം ജില്ലാ ഫെസിലിറ്റേറ്റര്‍ കെ. ബാലഗോപാല്‍ ആമുഖാവതരണത്തില്‍ പറഞ്ഞു. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് ഉദ്യോഗസ്ഥര്‍, സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റേഴ്‌സ് എന്നിവര്‍ക്കായി നടത്തിയ ഏകദിന പരിശീലനത്തില്‍ പഞ്ചായത്ത് സീനിയര്‍ സൂപ്രണ്ട് സന്തോഷ് കുമാര്‍ മിഷന്‍ അന്ത്യോദയ എന്ത് എന്തിന് എന്ന വിഷയത്തില്‍ വിവരാവതരണം നടത്തി. ഡെപ്യൂട്ടി ഡയറക്ടര്‍ ഇ.വി പ്രേമരാജന്‍ ചോദ്യാവലിയും, സുജിത് കെ.പി സോഫ്റ്റ്‌വെയറും പരിചയപ്പെടുത്തി. റിസര്‍ച്ച് ഓഫീസര്‍ രാജേന്ദ്രന്‍ കുറ്റിക്കാട് സംസാരിച്ചു.