പൊതു വിദ്യാഭാസ വകുപ്പിന്റെ വിദ്യാലയം പ്രതിഭയോടൊപ്പം പരിപാടിയുടെ ഭാഗമായി വയനാടിനെ അറിയാന്‍ ചുരം കയറി കുറ്റ്യാടിയില്‍ നിന്നും കുട്ടികളെത്തി. വടയം നോര്‍ത്ത് എല്‍.പി. സ്‌കൂളിലെ നാലാംതരം വിദ്യാര്‍ത്ഥികളാണ് പ്രളയാനന്തര വയനാടിനെ കുറിച്ച് അറിയാനും പഠിക്കാനും കളക്‌ട്രേറ്റിലെത്തിയത്.

ജില്ലാ കളക്ടര്‍ അദീല അബ്ദുള്ളയുമായി കുട്ടികള്‍ കൂടിക്കാഴ്ച നടത്തി. പൊതുകാര്യങ്ങളെപ്പറ്റിയുള്ള അവബോധം നിത്യജീവിതം എന്ന വിഷയത്തില്‍ ജില്ലാ കളക്ടര്‍ കുട്ടികളോട് അനുഭവങ്ങള്‍ പങ്കുവെച്ചു. കുട്ടികളുടെ പഠന പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിശേഷങ്ങള്‍ പങ്കുവെച്ചു. തുടര്‍ന്ന് കുട്ടികള്‍ കവിത, കഥ അവതരിപ്പിച്ചു. പ്രധാന അദ്ധ്യാപിക കെ. രമ, പി.ടി.എ. പ്രസിഡന്റ് ടി.കെ. ബിജു, മറ്റു അദ്ധ്യാപകര്‍ തുടങ്ങിയവര്‍ കുട്ടികളോടൊപ്പം ഉണ്ടായിരുന്നു.