മന്ത്രി പി. തിലോത്തമൻ പ്രകാശനം ചെയ്തു

അവകാശങ്ങൾ ബോധ്യപ്പെടുത്തി ഉപഭോക്താക്കളെ ശാക്തീകരിക്കാനായി ഹ്രസ്വചിത്രങ്ങളുമായി ഉപഭോക്തൃകാര്യ വകുപ്പ്. വകുപ്പ് പുറത്തിറക്കിയ നാല് ഹ്രസ്വചിത്രങ്ങളുടെയും ഒരു ആനിമേഷൻ ചിത്രത്തിന്റെയും പ്രകാശനം ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമൻ നിർവഹിച്ചു.
ഉപഭോക്താക്കൾ ജാഗ്രതയോടെയാകണം ഉത്പന്നങ്ങൾ വാങ്ങാനെന്ന് മന്ത്രി പറഞ്ഞു. അലസമനോഭാവത്തോടെ ഒരു ഉത്പന്നവും വാങ്ങരുത്. അവകാശാധികാരങ്ങളെക്കുറിച്ച് നാം ബോധവാൻമാരായിരിക്കണം. ഉപഭോക്താക്കളുടെ താത്പര്യം സംരക്ഷിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

സിനിമാശാലകൾ, ടി.വി ചാനലുകൾ, റെയിൽവേ, ബസ് സ്റ്റേഷനുകൾ തുടങ്ങിയ സ്ഥലങ്ങൾ, സ്‌കൂൾ കൺസ്യൂമർ ക്ലബ്ബുകൾ, വൊളണ്ടറി കൺസ്യൂമർ ഓർഗനൈസേഷനുകൾ എന്നിവയ്ക്കുള്ള പരിശീലന പരിപാടികൾ എന്നിവിടങ്ങളിലും സോഷ്യൽ മീഡിയയിലും ഹ്രസ്വചിത്രങ്ങൾ പ്രദർശിപ്പിക്കും.
ഹ്രസ്വചിത്രങ്ങൾക്ക് പുറമേ, ബോധവത്കരണ വീഡിയോ പ്രദർശനത്തിനായി വാഹനം സജ്ജമാക്കി സംസ്ഥാനത്താകെ പര്യടനം നടത്തുന്നുണ്ട്. ഉപഭോക്തൃബോധവത്കരണസന്ദേശവുമായി തെരുവുനാടകവും സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ പ്രദർശനം ആരംഭിക്കും.

ഉപഭോക്തൃശാക്തീകരണ പ്രവർത്തനങ്ങൾക്കായി ‘ഉപഭോക്തൃകേരളം’ ദ്വൈമാസിക പ്രസിദ്ധീകരണമാരംഭിച്ചിട്ടുണ്ട്.
ജില്ലകൾ തോറും ഉപഭോക്തൃ സഹായകകേന്ദ്രങ്ങൾ സ്ഥാപിച്ചുവരുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. ഇടുക്കി, വയനാട് ജില്ലകളിൽ ഉടൻ ആരംഭിക്കും.

പുറത്തിറക്കിയ ഹ്രസ്വചിത്രങ്ങളിൽ ആദ്യത്തേത് ഉപഭോക്താവ് എപ്പോഴും ജാഗ്രതയോടെയിരിക്കണമെന്ന സന്ദേശമാണ് നൽകുന്നത്. ധനുഷാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. രണ്ടാമത്തെ ചിത്രത്തിൽ പാക്കറ്റുകളിലാക്കിയ സാധനങ്ങൾ വാങ്ങുമ്പോൾ ലേബലുകൾ വായിച്ചുനോക്കണം എന്ന സന്ദേശമാണ് നൽകുന്നത്. ശങ്കർ വാളത്തുംഗലാണ് സംവിധായകൻ. മൂന്നാമത്തെ പരസ്യചിത്രത്തിൽ പരായി പരിഹാര സംവിധാനത്തെക്കുറിച്ചാണ് വ്യക്തമാക്കിയിരിക്കുന്നത്. വിജു വർമ്മയാണ് സംവിധായകൻ. ഓൺലൈൻ തട്ടിപ്പുകൾ എങ്ങനെ ഒഴിവാക്കാം, എങ്ങനെ പരാതിപ്പെടാം എന്ന സന്ദേശങ്ങളാണ് വേണു നായർ സംവിധാനം ചെയ്ത നാലാമത്തെ ചിത്രം നൽകുന്നത്. ആകർഷകമായ ആനിമേഷൻ വീഡിയോ തയാറാക്കിയിരിക്കുന്നത് സജീവ് പാഴൂരാണ്.

ഹ്രസ്വചിത്രങ്ങളുടെ പ്രകാശനച്ചടങ്ങിൽ ഭക്ഷ്യ, സിവിൽ സപ്ലൈസ്, ഉപഭോക്തൃകാര്യ സെക്രട്ടറി മിനി ആൻറണി, സിവിൽ സപ്ലൈസ് ഡയറക്ടർ നരസിംഹുഗാരി ടി.എൽ റെഡ്ഢി എന്നിവരും സംബന്ധിച്ചു.