ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിനെത്തുന്ന ഒരു ഭക്തനും വിശന്നു തിരിച്ചുപോകാതിരിക്കാന്‍ പദ്ധതിയുമായി ദേവസ്വംബോര്‍ഡ്. വിശക്കുന്ന ഏത് ഭക്തനും ഒരു നേരത്തെ ആഹാരം നല്‍കുക എന്ന ലക്ഷ്യത്തോടെ ഇപ്പോള്‍ നടത്തിവരുന്ന അന്നദാനം വഴിപാട് സമര്‍പ്പണമായി മാറ്റാനാണ് തീരുമാനമെന്നു എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി. എസ്. രാജേന്ദ്രപ്രസാദ് പറഞ്ഞു. ദിവസം 40000 പേര്‍ക്ക് മൂന്നുനേരം ഭക്ഷണം നല്‍കാന്‍ ഇപ്പോള്‍ സംവിധാനമുണ്ട്. ഭാരിച്ച സാമ്പത്തിക ചെലവാണ് ഇതിനു വേണ്ടിവരുന്നത്. ഇത് പരിഹരിക്കാനാണ് ശ്രമം.

ഒരു ദിവസം അന്നദാനത്തിനു മാത്രം ആറുലക്ഷം രൂപ വേണം. ഈ പണം വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും സമര്‍പ്പണമായി കണ്ടെത്താന്‍ നടപടികള്‍ ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു. ഒരു ദിവസത്തെ ചെലവിലേക്കായി ആറ് ലക്ഷം രൂപ സമര്‍പ്പിക്കുന്ന വ്യക്തിയുടെ പേരിലായിരിക്കും അന്നത്തെ അന്നദാന വഴിപാട്. ഒരു നേരത്തേക്ക് രണ്ടുലക്ഷം രൂപ സമര്‍പ്പിക്കുന്നവരുടെ പേരിലായിരിക്കും ആ നേരത്തെ അന്നദാന വഴിപാട്.

അവരവരുടെ കഴിവിന് അനുസരിച്ച് സംഭാവനകള്‍ രണ്ടുലക്ഷം മുതല്‍ ആറുലക്ഷം രൂപ വരെ നല്‍കാവുന്നതാണ്. ഓരോരുത്തരും താല്‍പ്പര്യപ്പെടുന്ന തീയതിയും സമയവും അനുസരിച്ച് അന്നദാന വഴിപാട് നടത്താന്‍ അവസരം നല്‍കും.  ഇതുമായി ബന്ധപ്പെട്ട് വിവിധ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ വ്യക്തികളില്‍  നിന്നും സ്ഥാപനങ്ങളില്‍ നിന്നും വാഗ്ദാനങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

ശബരിമലയില്‍ ഇപ്പോള്‍ നടത്തുന്ന അന്നദാനം ഇന്ത്യയിലെ ഇത്തരത്തിലുള്ള വലിയ സംരംഭങ്ങളില്‍ ഒന്നാണ്. സന്നിധാനത്തെ അന്നദാനശാലയുടെ നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ ഒരു നേരം 5000 പേര്‍ക്കു വരെ ഭക്ഷണം നല്‍കാനാകും. ഇപ്പോള്‍ പരമാവധി 2500 പേര്‍ക്കാണ് നല്‍കി വരുന്നത്. വളരെ വൃത്തിയോടെയും ഭംഗിയോടെയുമാണ് ഇത് നിര്‍വഹിച്ചുവരുന്നത്. 24 മണിക്കൂറും ഇവിടെ നിന്ന് ഭക്ഷണം ലഭിക്കും.