ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍  മന്തുരോഗം നിവാരണം ചെയ്യുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി നടപ്പാക്കപ്പെടുന്ന മന്തുരോഗ നിവാരണം ഒന്നാംഘട്ട ഹോട്ട് സ്പോട്ട് സമൂഹ ചികിത്സാ പരിപാടി പൂര്‍ത്തിയായി. മാസ്സ് ഡ്രഗ്ഗ് അഡ്മിനിസ്ട്രേഷന്‍, മന്തുരോഗ വ്യാപന സാധ്യതയുള്ള ഹോട്ട് സ്പോട്ടുകള്‍ കണ്ടെത്തി  നവംബര്‍ 11 ന്  ആരംഭിച്ച ചികിത്സാ പരിപാടിയില്‍ കുഴല്‍മന്ദം മാത്തൂര്‍, കോട്ടായി, തേന്‍കുറിശ്ശി, കണ്ണാടി, പുതുശ്ശേരി, കൊടുവായൂര്‍, കൊടുമ്പ്, കൊല്ലങ്കോട്, പല്ലശ്ശന, അകത്തേത്തറ, മലമ്പുഴ, മരുതറോഡ്, പുതുപ്പരിയാരം, പിരായിരി, കുനിശ്ശേരി, നെന്മാറ, പാലക്കാട് മുനിസിപ്പാലിറ്റി, ആലത്തൂര്‍ എന്നിവടങ്ങളിലാണ് ചികിത്സാ പരിപാടി നടന്നത്.

ഒന്നാംലട്ടം മന്തുരോഗ നിവാരണത്തില്‍ ഓരോ ഡോസ് ഡി. ഈ.സി, ആല്‍ബന്റാസോള്‍ ഗുളികകള്‍ വിതരണം ചെയ്തപ്പോള്‍ ഹോട്ട് സ്പോട്ട് ഏരിയകളില്‍ മാത്രമായി ആകെ 587917 (97.18%) പേര്‍ക്ക് മരുന്ന് വിതരണം ചെയ്തതില്‍ 544318 (89.98%) പേര്‍ മരുന്നു കഴിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നു. രണ്ടാം ഘട്ടം  ഹോട്ട് സ്പോട്ടുകള്‍ ഒഴികെയുള്ള ഏരിയകളില്‍ ഇന്ന്(നവംബര്‍ 21) മുതല്‍ 30 വരെ ഗുളിക വിതരണം  ചെയ്യും. രണ്ട് വയസ്സിനു താഴെയുള്ളവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗികള്‍ എന്നിവരെ മരുന്ന് കഴിക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രണ്ട് മുതല്‍ 5 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ഒന്നും 6 മുതല്‍ 14 വരെയുള്ളവര്‍ക്ക് 2 ഉം. 15ന് മുകളിലുള്ളവര്‍ക്ക് 3 ഉം  ഡി. ഇ.സി ഗുളികകളാണ് നല്‍കുന്നത്. ഇതോടൊപ്പം വിര നശീകരണത്തിനുള്ള ഓരോ ആല്‍ബന്റാസോള്‍ ഗുളികയും കഴിക്കണം. ജനകീയ കൂട്ടായ്മകളിലൂടെയും വീടുവീടാന്തര സന്ദര്‍ശനങ്ങളിലൂടെയും, ട്രാന്‍സിറ്റ് ബൂത്ത്, മൊബൈല്‍ ബൂത്ത്, മോപ് അപ്പ് റൗണ്ട്, സ്പെഷ്യല്‍ കാമ്പയിന്‍ ആശുപത്രികളിലൂടെയുള്ള ഗുളിക വിതരണവും  പരിശീലനം ലഭിച്ച ആരോഗ്യ പ്രവര്‍ത്തകര്‍, കുടുംബശ്രീ- ആഷാ- അങ്കണവാടി പ്രവര്‍ത്തകര്‍ എന്നിവര്‍ ഗുളിക വിതരണം ചെയ്തു.