ഔദ്യോഗിക ഭാഷയുടെ എല്ലാഗുണവും പൊതുജനങ്ങള്‍ക്ക് പൂര്‍ണമായി ലഭിക്കണമെങ്കില്‍ കോടതി ഭാഷകൂടി മലയാളത്തിലാവണമെന്ന്് മന്ത്രി കെ.ടി. ജലീല്‍ അഭിപ്രായപെട്ടു. ഔദ്യോഗിക ഭാഷാ വകുപ്പ് ജില്ലാതല ഓഫീസര്‍മാര്‍ക്ക് നടത്തിയ ഏകദിന ഭരണഭാഷാവബോധന ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാഭ്യാസമുള്ളവര്‍ക്ക് പോലും കോടതിവിധികള്‍ വായിച്ചെടുക്കാന്‍ ബുദ്ധിമുട്ടുന്ന സഹചര്യത്തില്‍ ഇത്തരം നടപടികളെ കുറിച്ച് ചിന്തിക്കേണ്ടത് ആവശ്യമായിരിക്കുകയാണ്. വികാരവും വിചാരവും ഒരുപോലെ നമുക്ക് പ്രകടിപ്പിക്കാന്‍ കഴിയുന്നത് മാത്യഭാഷയിലാണ്. ഭരണഭാഷ മലയാളമായതോടെ ഉദ്യോഗസ്ഥരും ജനങ്ങളും തമ്മിലുള്ള അടുപ്പത്തിന് കാരണമായി. ഇതുവഴി ജനങ്ങളും സര്‍ക്കാരും തമ്മിലുള്ള ഇടപെടല്‍ എളുപ്പമാക്കിയതായും മന്ത്രി അഭിപ്രായപ്പെട്ടു. ഭാഷാ സ്‌നേഹവും ഭാഷാ ഭ്രാന്തും രണ്ടും രണ്ടാണ്. ഇതു മനസ്സിലാക്കിക്കൊണ്ടുള്ള നമ്മുടെ ഇടപെടല്‍ മറ്റ് ഭാഷയുടെ കടന്നുകയറ്റത്തിന് സഹചര്യമൊരുക്കി. പൊതുജനങ്ങള്‍ക്ക് കാര്യങ്ങള്‍ എളുപ്പം ഗ്രഹിക്കുന്നതിന് ഗുണകരമാവണം ഔദ്യോഗിക ഭാഷയുടെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ പി.ഉബൈദുള്ള എം.എല്‍.എ. അധ്യക്ഷത വഹിച്ചു. കെ.എന്‍.എ.ഖാദര്‍ എം.എല്‍.എ. പ്രസംഗിച്ചു. ഭാഷാ പണ്ഡിതന്‍ ഡോ.എം.എന്‍.കാരശേരി പ്രഭാഷണം നടത്തി.കേരളത്തിലെ ഭരണ ഭാഷ എന്ന വിഷയത്തില്‍ ഭരണഭാഷാ വിദഗ്ദന്‍ ആര്‍ ശിവകുമാര്‍ സംസാരിച്ചു. ഭരണഭാഷാ മാര്‍ഗരേഖകള്‍ എന്ന വിഷയത്തില്‍ ഔദ്യോഗിക ഭാഷാ വകുപ്പ് സെക്ഷന്‍ ഓഫിസര്‍ ആര്‍.എച്ച്.ബൈജുവും ഔദ്യോഗിക ഭാഷാ വകുപ്പ് ഡപ്യുട്ടി സെക്രട്ടറി ആര്‍.എസ്.റാണിയും ചടങ്ങില്‍ സംസാരിച്ചുഎ.ഡി.എം ടി.വിജയന്‍, ഡപ്യുട്ടികലക്ടര്‍ ജെ.ഒ.അരുണ്‍.ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

ബ്രിട്ടീഷുകാര്‍ മലയാളത്തില്‍ ഫയലുകള്‍കൈാര്യം ചെയ്തു. -ഡോ.എം.എന്‍.കാരശ്ശേരി.
ബ്രിട്ടീഷുകാര്‍ ഭരിച്ചിരുന്ന സമയത്ത് കേരളത്തിലെ ഭരണ സൗകര്യത്തിനായി ഫയലുകള്‍ പൂര്‍ണമായും മലയാളത്തിലാണ് കൈകാര്യം ചെയ്‌തെന്ന് ഡോ.എം.എന്‍.കാരശേരി പറഞ്ഞു. എന്നാല്‍ ഐക്യ കേരളം നിലവില്‍ വന്നതിന് ശേഷം മലയാളത്തിലായിരുന്ന ഭരണ ഭാഷ പൂര്‍ണമായി ഇംഗ്ലീഷിലാക്കിയതായും അദ്ദേഹം പറഞ്ഞു. ഭരണഭാഷാ മാറ്റം ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലാ തല ഉദ്യോഗസ്ഥര്‍ക്ക് നടത്തിയ ഭരണ ഭാഷാ ബോധന പരിപാടിയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മലയാളികള്‍ ഇംഗ്ലീഷില്‍ ഭരിക്കുന്ന നാടാണ് ഇന്ന് കേരളം. ഗ്രാമസേവകന്‍ എന്ന ജോലിയുടെ പേര് വി.ഇ.ഒ എന്നാക്കി മാറ്റാന്‍ സമരം ചെയ്തവരാണ് നമ്മള്‍. ഈ പേര് സര്‍ക്കാര്‍ യാതൊരു മടിയും കൂടാതെ മാറ്റി നല്‍കുകയും ചെയ്തു.
മകന്റെ കല്ല്യാണത്തിന് ഇംഗ്ലീഷില്‍ കത്ത് തയ്യാറാക്കുന്ന നമ്മള്‍ പിതാവിന്റെ സഞ്ചയനത്തിന് ആളുകളെ ക്ഷിണിക്കുന്ന കത്ത് മലയാളത്തില്‍ തയ്യാറാക്കുന്നത് മലയാളത്തിനുള്ള അംഗീകാരമായി കാണാന്‍ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു. രാജാവിനയും സായ്പിനെയും ഓടിച്ച നമ്മള്‍ക്ക് കോടതികളില്‍ നിന്ന് ഇംഗ്ലീഷിനെ ഓടിക്കാന്‍ കഴിയാത്തത് ഖേദകരമാണ്. മേല്‍ജാതി കീഴ്ജാതി എന്ന പ്രയോഗത്തിന് പകരം മേല്‍ജാതി എന്ന് വിളിക്കപ്പെടുന്നവര്‍ കീഴ്ജാതി എന്ന് വിളിക്കപ്പെടുന്നവര്‍ എന്നാണ് പ്രയോഗിക്കേണ്ടതുമെന്നും അദ്ദേഹം പറഞ്ഞു.