ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച്  നിലയ്ക്കലില്‍ ദേവസ്വം ബോര്‍ഡിന്റെ നേത്യത്വത്തില്‍ എല്ലാ ദിവസവും അയ്യായിരം തീര്‍ഥാടകര്‍ക്ക് അന്നദാനം നല്‍കിവരുന്നു. നിലയ്ക്കല്‍ മഹാദേവ ക്ഷേത്ര പരിസരത്തെ വിരിപ്പന്തലിന് സമീപമാണ് അന്നദാന ഓഡിറ്റോറിയം ക്രമീകരിച്ചിരിക്കുന്നത്.
ദിവസവും രാവിലെ ഏഴുമുതല്‍ രാത്രി 10.30 വരെയാണ് അന്നദാനം നടക്കുന്നത്. പ്രാതലിന് കുറഞ്ഞത് 1500 തീര്‍ഥാടകരും ഉച്ചയൂണിന് രണ്ടായിരത്തോളം തീര്‍ഥാടകരും വൈകിട്ട് ആയിരം തീര്‍ഥാടകരും അന്നദാനത്തില്‍ പങ്കാളികളാകുന്നുണ്ടെന്ന് നിലയ്ക്കല്‍ ദേവസ്വംബോര്‍ഡ് സ്പെഷ്യല്‍ ഓഫീസര്‍ സതീഷ് കുമാര്‍ പറഞ്ഞു.
രാവിലെ ഏഴുമുതല്‍ 10.30 വരെയാണ് പ്രഭാത ഭക്ഷണം നല്‍കുന്നത്. രാവിലെ ഉപ്പുമാവും കടലയുമാണ് വിഭവം. ഉച്ചയ്ക്ക് 2 മുതല്‍ അഞ്ചുകൂട്ടം കറികള്‍ ഉള്‍പ്പടെ ഉച്ചയൂണ് വിതരണം ആരംഭിക്കും. ചോറിനൊപ്പം സാമ്പാര്‍, തോരന്‍, അവിയല്‍, അച്ചാര്‍, രസം എന്നിവയാണ് കറികള്‍. മൂന്നുമണിവരെ ഉച്ചയൂണ് വിതരണം നടത്തുന്നത്. വൈകിട്ട് 7 മുതല്‍ രാത്രി 10.30വരെ കഞ്ഞി, പയര്‍, അച്ചാര്‍ എന്നിവ തീര്‍ഥാടകര്‍ക്കായി വിതരണം ചെയ്യുന്നു. തീര്‍ഥാടനകാലം മുഴുവന്‍ നിലയ്ക്കലില്‍ അന്നദാന വിതരണം ഉണ്ടാവും. അന്നദാന വിതരണത്തിനായി പതിനഞ്ചോളം ജീവനക്കാരാണ് സേവനത്തിലുള്ളത്.