ലൈഫ് മിഷൻ പദ്ധതി പ്രകാരം കേരളത്തിൽ വീട് നിർമ്മാണം പൂർത്തിയാക്കിയ ഗുണഭോക്താക്കളെ അണിനിരത്തി സംസ്ഥാനത്ത് കുടുംബസംഗമങ്ങൾ സംഘടിപ്പിക്കുന്നു. ലൈഫ് മിഷന്റെ ഒന്നും രണ്ടും ഘട്ടങ്ങളിലായി രണ്ടുലക്ഷം വീടുകളുടെ നിർമ്മാണം ഡിസംബർ 31നകം പൂർത്തീകരിക്കാനാണ് മിഷൻ ലക്ഷ്യമിട്ടിട്ടുള്ളത്.

സർക്കാർ കൈവരിച്ച ഈ നേട്ടത്തിന്റെ ഭാഗമായി എല്ലാ ജില്ലകളിലും ഭവനങ്ങൾ പൂർത്തിയാക്കിയ ഗുണഭോക്താക്കളെ ഉൾപ്പെടുത്തിയാണ് കുടുംബ സംഗമങ്ങൾ  ഡിസംബർ 15 മുതൽ 2020 ജനുവരി 15 വരെ സംഘടിപ്പിക്കുന്നത്. ഇതിനെത്തുടർന്ന് 2020 ജനുവരി 26ന് സംസ്ഥാനതലത്തിൽ രണ്ടു ലക്ഷം വീടുകൾ ലൈഫ് പദ്ധതി പ്രകാരം പൂർത്തിയാക്കിയതിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.

ഡിസംബർ 15 മുതൽ ജനുവരി 15 വരെ നടക്കുന്ന കുടുംബസംഗമങ്ങൾ ബ്ലോക്ക് തലത്തിലും, മുനിസിപ്പാലിറ്റി തലത്തിലും, കോർപ്പറേഷൻ തലത്തിലും സംഘടിപ്പിക്കും. ഇതോടൊപ്പം ലൈഫ് ഗുണഭോക്താക്കളെ സംസ്ഥാന സർക്കാരിന്റെയും കേന്ദ്ര സർക്കാരിന്റെയും വിവിധ ക്ഷേമ പദ്ധതികളിലും സേവനങ്ങളിലും ഉൾപ്പെ ടുത്തുന്നതിനായി വിവിധ വകുപ്പതല ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അദാലത്തും സംഘടിപ്പിക്കും. രാവിലെ ബ്ലോക്ക്തല സംഗമത്തിന്റെ ഉദ്ഘാടനവും തുടർന്ന് വൈകുന്നേരം വരെ അദാലത്തുമാണ് സംഘടിപ്പിക്കുന്നത്.

അദാലത്തിൽ പങ്കെടുക്കുന്ന വകുപ്പുകളും സേവനങ്ങളും ഇവയാണ്. ആധാർ തിരുത്തൽ, ഇലക്ഷൻ തിരിച്ചറിയൽ കാർഡ് (അക്ഷയ), ബാങ്ക് അക്കൗണ്ട് (ലീഡ് ബാങ്ക് / റീജിയണൽ ബാങ്ക്), റേഷൻ കാർഡ് തിരുത്തൽ (സിവിൽ സപ്ലൈസ്), പ്രാധനമന്ത്രി ഉജ്വൽ യോജന (ഗ്യാസ് ഏജൻസികൾ), സ്വച്ച് ഭാരത് അഭിയാൻ (സാനിറ്റേഷൻ / ശുചിത്വ മിഷൻ), DDUGKY തൊഴിൽ പരിശീലനം (കുടുംബശ്രീ), തൊഴിൽ കാർഡ് ( MGNREGS ), ചെറുകിട തൊഴിൽ സംരംഭങ്ങൾ (വ്യവസായ വകുപ്പ്), മത്സ്യ കൃഷി (ഫിഷറീസ്), മുള കൃഷി (ബാംബു കോർപ്പറേഷൻ), ഡയറി വകുപ്പ് പദ്ധതികൾ (ഡയറി ഡിപ്പാർട്ട്‌മെന്റ്), കൃഷി പദ്ധതികൾ(കൃഷി വകുപ്പ്),  MKSP  പദ്ധതികൾ (ബ്ലോക്ക് പഞ്ചായത്ത്), പട്ടികവർഗ്ഗ വകുപ്പ് പദ്ധതികൾ (പട്ടിക വർഗ്ഗ വകുപ്പ്), പട്ടികജാതി വകുപ്പ് പദ്ധതികൾ (പട്ടികജാതി വകുപ്പ്), ആരോഗ്യ വകുപ്പ് പദ്ധതികൾ(ആരോഗ്യ വകുപ്പ്), സാമൂഹ്യക്ഷേമ പദ്ധതികൾ (സാമൂഹ്യ നീതി വകുപ്പ്, വനിത ശിശു വികസന വകുപ്പ്), റവന്യൂ രേഖകൾ (റവന്യൂ വകുപ്പ്), സാമൂഹ്യ സുരക്ഷാ പെൻഷൻ (പഞ്ചായത്ത് വകുപ്പ് , നഗരകാര്യ വകുപ്പ്).

തദ്ദേശസ്വയംഭരണ സ്ഥാപനതലത്തിൽ നടക്കുന്ന സംഗമങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ നിർവ്വഹിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനാടിസ്ഥാനത്തിലുള്ള കുടുംബസംഗമങ്ങളുടെ തുടർച്ചയായി ജില്ലാതല സംഗമങ്ങൾ സംഘടിപ്പിക്കും. ഈ സംഗമങ്ങളിൽ ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർ ജില്ലാതലത്തിൽ ഭവന നിർമ്മാണം പൂർത്തീകരിച്ചതിന്റെ  പ്രഖ്യാപനവും നടത്തും. സംഗമങ്ങൾ സുഗമമായി നടത്തുന്നതുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ വിവിധ വകുപ്പു പ്രതിനിധികളുമായി ചർച്ച നടത്തി.