ഏജന്റുമാരും അനുബന്ധ തൊഴിലാളികളുമാണ് കേരള സംസ്ഥാന ഭാഗ്യക്കുറി എന്ന പ്രസ്ഥാനത്തെ വളർത്തിയതെന്ന് തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി ഡോ. കെ.ടി ജലീൽ. സംസ്ഥാന ഭാഗ്യക്കുറിയുടെ സുവർണജൂബിലി ആഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം മലപ്പുറം ടൗൺ ഹാളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. ഇതരസംസ്ഥാന ഭാഗ്യക്കുറി ടിക്കറ്റുകളുടെ കടന്നുവരവ് കേരള ലോട്ടറിക്ക് വെല്ലുവിളി ഉയർത്തിയിരുന്നു. അതിനെ അതിജീവിച്ച് വളരാൻ സംസ്ഥാന ഭാഗ്യക്കുറിക്ക് കഴിഞ്ഞുവെന്നും ജലീൽ പറഞ്ഞു. സംസ്ഥാന ഭാഗ്യക്കുറി ജനങ്ങളുടെ വിശ്വാസ്യത നേടിയെടുത്തതുകൊണ്ടാണ് ഇതരസംസ്ഥാന ലോട്ടറികൾ തിരസ്‌കരിക്കപ്പെട്ടത്. ദിവസേന നറുക്കെടുപ്പ് നടത്തുന്ന ബൃഹദ് സംവിധാനമായി കേരള ഭാഗ്യക്കുറി മാറി. കാരുണ്യ പദ്ധതിയിലൂടെ നിരവധി രോഗികൾക്ക് സഹായമെത്തിക്കാൻ ഈ പ്രസ്ഥാനം സഹായകമാകുന്നുണ്ടെന്നും മന്ത്രി ഓർമിപ്പിച്ചു. ലോട്ടറി ഏജന്റുമാർക്കുള്ള ക്ഷേമനിധി ആനുകൂല്യങ്ങളുടെ വിതരണവും മന്ത്രി നിർവഹിച്ചു. ഏജന്റുമാർക്കുള്ള യൂനിഫോമുകൾ ചടങ്ങിൽ വിതരണം ചെയ്തു. ആദ്യകാല ഏജന്റുമാരെയും വകുപ്പിലെ മുൻ ജീവനക്കാരെയും മന്ത്രി ആദരിച്ചു.
പി.ഉബൈദുള്ള എം.എൽ.എ ചടങ്ങിൽ അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണൻ, ജോയിന്റ് ഡയറക്ടർ എം.ആർ സുധ, ജില്ലാ ഭാഗ്യക്കുറി ഓഫീസർ എം.കെ യൂസഫ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.