ലോകസിനിമയില്‍ വിസ്മയം തീർത്ത മഹാരഥന്മാരുടെ സംഗമമായി രാജ്യാന്തര ചലച്ചിത്രമേളയിൽ പത്ത്  സിനിമകൾ.ദക്ഷിണ കൊറിയന്‍ സംവിധായകനായ ബോംഗ് ജൂൻ ഹോ, ഓസ്ട്രിയന്‍ സംവിധായകൻ മിഖായേല്‍ ഹനേകേ,ഫിലിപ്പൈൻ സംവിധായകൻ ലാവ് ഡയസ്,സെമി കപ്ലനോസ്ലു,പെദ്രോ  അല്‍മഡോവര്‍,ഇറാനിയന്‍ സംവിധായകൻ മൊഹ്‌സെന്‍ മക്‌മെല്‍ബഫ്,പലസ്തീനിയന്‍ സംവിധായകന്‍ ഏലിയ സുലൈമാന്‍,കെൻലോച്ച് തുടങ്ങിയവരുടെ പുതിയ ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്.ഈ ചിത്രങ്ങൾ ഉൾപ്പടെ 92 സിനിമകൾ  ലോക സിനിമാ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇക്കൊല്ലത്തെ  കാന്‍ ചലച്ചിത്രമേളയില്‍ പാംഡി ഓര്‍ പുരസ്‌കാരം നേടിയ പാരസൈറ്റ് എന്ന ചിത്രവും  ലോക സിനിമ വിഭാഗത്തിൽ ഇടംപിടിച്ചിട്ടുണ്ട് .ദക്ഷിണ കൊറിയന്‍ സംവിധായകൻ ബോംഗ് ജൂൻ ഹോ  സംവിധാനം ചെയ്ത ഈ ചിത്രം ഇത്തിള്‍ക്കണ്ണികളായി കഴിയേണ്ടിവരുന്ന ഒരു കുടുബത്തിന്റെ  ജീവിതമാണ് പ്രമേയമാക്കിയിരിക്കുന്നത്.

ഇറാനിയന്‍ നവതരംഗ സിനിമയിലെ പ്രധാനികളിൽ ഒരാളായ മക്‌മെല്‍ബഫ് സംവിധാനം ചെയ്ത മാര്‍ഹേ ആന്‍ഡ് ഹെര്‍ മദര്‍ എന്ന ചിത്രം മാര്‍ഹേ എന്ന ആറ് വയസുകാരിയുടെ കാഴ്ചകളാണ് ചിത്രീകരിച്ചിരിക്കുന്നത്.കാണ്ഡഹാർ,ദ സൈക്ക്ലിസ്റ്റ് ,ദ ആർട്ടിസ്റ്റ്,ടൈം ഓഫ് ലവ്  തുടങ്ങിയ ചിത്രങ്ങളിലൂടെ ചലച്ചിത്ര പ്രേമികളെ വിസ്മയിപ്പിച്ച ബഫിന്റെ ഈ പുതിയ  ചിത്രം  ഇറാനിലെ  സാമ്പത്തിക പ്രതിസന്ധി ഉൾപ്പടെയുള്ള സാമൂഹിക വിഷയങ്ങളും ചർച്ച ചെയ്യുന്നു

ഈ വർഷത്തെ കാൻ മേളയിൽ മികച്ച ചിത്രത്തിനുള്ള ഫിപ്രസി പുരസ്ക്കാരം നേടിയ ഇറ്റ് മസ്റ്റ് ബി ഹെവന്‍ എന്ന പലസ്തീൻ ചിത്രവും ലോക സിനിമാ വിഭാഗത്തിലുണ്ട്. രാജ്യത്തു നിന്നും രക്ഷപെടാനുള്ള പലസ്തീനിയുടെ ശ്രമവും പരാജയവും പ്രമേയമാക്കിയ ഈ ചിത്രത്തിന്റെ സംവിധായകൻ ഏലിയ സുലൈമാനാണ്.

ഇംഗ്ലണ്ട് സ്വപ്‌നലോകമല്ലെന്നും സാധാരണക്കാർ സാമ്പത്തികമായി തകരുകയാണെന്നും തുറന്നു കാട്ടുന്നതാണ് ഈ വിഭാഗത്തിലെ കെൻ ലോച്ച്‌ ചിത്രം സോറി വി മിസ്‌ഡ് യു.രണ്ടു തവണ കാൻ പുരസ്കാരം കരസ്ഥമാക്കിയ  ഈ സംവിധായക പ്രതിഭയുടെ ചിത്രങ്ങൾ കഴിഞ്ഞ കേരളാ രാജ്യാന്തര ചലച്ചിത്ര മേളയിൽ റെട്രോസ് പെക്ടീവ് വിഭാഗമായി ഉൾപ്പെടുത്തിയിരുന്നു.

ഫിലിപ്പിനോ സംവിധായകൻ  ലാവ് ഡയസിന്റെ ദ ഹാൾട്ട് ,ഓസ്ട്രിയന്‍ സംവിധായകൻ  മിഖായേല്‍ ഹനേകേയുടെ ഹാപ്പി എന്‍ഡ്,സെമി കപ്ലനോസ്ലുവിന്റെ കമ്മിറ്റ്‌മെന്റ്,പെദ്രോ അല്‍മഡോവറിന്റെ   പെയിന്‍ ആന്‍ഡ് ഗ്ലോറി,കോസ്റ്റാ ഗവാസ് സംവിധാനം ചെയ്ത പുതിയ ചിത്രമായ അഡല്‍റ്റ്‌സ് ഇന്‍ ദ റൂം എന്നീ സിനിമകളും ലോക സിനിമാ വിഭാഗത്തിൽ പ്രദർശിപ്പിക്കും.