പാലക്കാട്: സാമൂഹികക്ഷേമ പെന്‍ഷന്‍ വിതരണം അര്‍ഹതയുള്ളവര്‍ക്ക് നിഷേധിക്കാതിരിക്കാനും പെന്‍ഷന്‍ തുക വര്‍ധിപ്പിക്കുന്നതിനുമാണ് മസ്റ്ററിങ് ഏര്‍പ്പെടുത്തിയതെന്ന് തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. മണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ഐ.എസ്.ഒ പ്രഖ്യാപനവും നവീകരിച്ച ഫ്രണ്ട് ഓഫീസിന്റെ പ്രവര്‍ത്തനവും ലൈഫ് പദ്ധതിയില്‍ പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ദാനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

പെന്‍ഷന്‍കാരായ കിടപ്പ് രോഗികളുടെ മസ്റ്ററിങ് വീട്ടിലെത്തി നടത്തുമെന്നും ശാരീരിക അവശതകള്‍ ഉള്ളവര്‍ക്ക് അക്ഷയകേന്ദ്രങ്ങളിലെ താഴെ നിലയില്‍ സൗകര്യമൊരുക്കുമെന്നും മന്ത്രി പറഞ്ഞു. ജനകീയ പങ്കാളിത്തത്തോടെയാണ് ലൈഫ് പദ്ധതി നടപ്പാക്കുന്നത്. ഇതില്‍ പങ്കാളികളായി വീട് നിര്‍മിച്ചുനല്‍കാന്‍ തയ്യാറുള്ളവരുടെ കൂട്ടായ്മകള്‍ പ്രോത്സാഹിപ്പിക്കാന്‍ പഞ്ചായത്തുകള്‍ മുന്‍കൈയെടുക്കണം. പ്രളയകാലത്ത് തകര്‍ന്ന 17000 വീടുകളാണ് ജനകീയപങ്കാളിത്തത്തോടെ സര്‍ക്കാര്‍ നിര്‍മിച്ചുനല്‍കിയതെന്നും മന്ത്രി പറഞ്ഞു.

തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴില്‍ദിനങ്ങള്‍ കൂട്ടി നൂറ് തൊഴില്‍ദിനങ്ങള്‍ പൂര്‍ത്തിയാക്കിയ തൊഴിലാളികളുടെ എണ്ണം വര്‍ധിപ്പിക്കാനായെന്നും റോഡ്, വെള്ളം തുടങ്ങി അടിസ്ഥാന വികസനകള്‍ക്കാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച കിഴക്കുംപുറം, മണ്ണൂര്‍ ക്ഷീര സംഘങ്ങളെ ചടങ്ങില്‍ ആദരിച്ചു.

നക്ഷത്ര ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കെ വി വിജയദാസ് എം.എല്‍.എ അധ്യക്ഷനായി. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  എം പി.ബിന്ദു, മണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ വി സ്വാമിനാഥന്‍,  ജില്ലാ പഞ്ചായത്ത് അംഗം സി കെ രജനി, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.