മലയാളകവിതയെ പുതുവഴികളിലേക്ക് കൈപിടിപ്പിച്ച മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിയ്ക്ക് ഈ വര്‍ഷത്തെ ജ്ഞാനപീഠ പുരസ്‌കാരം. സാഹിത്യത്തിന് നല്‍കിയ സമഗ്ര സംഭാവനയ്ക്കാണ് 11 ലക്ഷം രൂപയും സരസ്വതി ശില്‍പവും അടങ്ങുന്ന പുരസ്‌കാരം ലഭിച്ചത്. ജ്ഞാനപീഠം നേടുന്ന ആറാമത്തെ മലയാളിയാണ് അക്കിത്തം. 2007 ല്‍ ഒ.എന്‍.വിയ്ക്ക് ശേഷമാണ് മലയാളത്തിലേക്ക് ജഞാനപീഠം എത്തുന്നത്. 93 ാം വയസ്സിലാണ് അക്കിത്തത്തിന് പുരസ്‌കാരം ലഭിക്കുന്നത്.

എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായിരുന്ന അക്കിത്തം 1926 മാര്‍ച്ച് 18 നു പാലക്കാട് ജില്ലയിലെ കുമരനെല്ലൂരില്‍ അമേറ്റിക്കര അക്കിത്തത്ത് മനയില്‍ വാസുദേവന്‍ നമ്പൂതിരിയുടെയും ചേകൂര്‍ മനയ്ക്കല്‍ പാര്‍വതി അന്തര്‍ജനത്തിന്റെയും മകനായാണ് ജനിച്ചത്. കുമരനെല്ലൂര്‍ സ്‌കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം കോഴിക്കോട് സാമൂതിരി കോളജില്‍ ഇന്റര്‍മീഡിയറ്റിന് ചേര്‍ന്നെങ്കിലും തുടര്‍പഠനം സാധ്യമായില്ല.

എട്ടാം വയസ്സു മുതല്‍ കവിതയെഴുതി തുടങ്ങിയ അക്കിത്തം ഇടശ്ശേരി, വി.ടി. ഭട്ടതിരിപ്പാട്, ഉറൂബ്, നാലപ്പാട്ട് നാരായണമേനോന്‍ തുടങ്ങിയ പ്രതിഭകള്‍ക്കൊപ്പം പൊന്നാനിക്കളരിയില്‍ അംഗമായത് അക്കിത്തത്തിലെ കവിയെ ഉണര്‍ത്തി. ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമാകാനും അദ്ദേഹത്തിനു കഴിഞ്ഞു.

ഇടിഞ്ഞുപൊളിഞ്ഞ ലോകം, ഒരു കുല മുന്തിരിങ്ങ, ഒരു കുടന്ന നിലാവ് മനഃസാക്ഷിയുടെ പൂക്കള്‍, മധുവിധു, അരങ്ങേറ്റം, മനോരഥം, വെണ്ണക്കല്ലിന്റെ കഥ,കടമ്പിന്‍ പൂക്കള്‍, സഞ്ചാരികള്‍, മാനസപൂജ, നിമിഷ ക്ഷേത്രം, പഞ്ചവര്‍ണക്കിളികള്‍ (കവിതാ സമാഹാരം), ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം , ബലിദര്‍ശനം, കുതിര്‍ന്ന മണ്ണ്, ധര്‍മ സൂര്യന്‍, ദേശസേവിക (ഗ്രന്ഥകാവ്യം), ഈ എട്ടത്തി നുണയേ പറയൂ (നാടകം). അവതാളങ്ങള്‍, കാക്കപ്പുള്ളികള്‍ (ചെറുകഥാ സമാഹാരം). ഉപനയനം, സമാവര്‍ത്തനം (ലേഖനസമാഹാരം)  തുടങ്ങിയവയാണ് പ്രധാന കൃതികള്‍.

ഉണ്ണി നമ്പൂതിരി, മംഗളോദയം, യോഗക്ഷേമം എന്നിവയില്‍ പത്രപ്രവര്‍ത്തകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ശ്രീദേവി അന്തര്‍ജനം. മക്കള്‍: പാര്‍വതി, ഇന്ദിര, വാസുദേവന്‍, ശ്രീജ, ലീല, നാരായണന്‍. ലോകപ്രശസ്ത ചിത്രകാരന്‍ അക്കിത്തം നാരായണന്‍ സഹോദരനാണ്.