പാലക്കാട്: ക്ഷീരവികസന വകുപ്പിന്റെയും ജില്ലയിലെ വിവിധ ക്ഷീരകര്‍ഷകരുടേയും മില്‍മ, കേരളഫീഡ്സ് എന്നിവരുടേയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പാലക്കാട് ജില്ലാ ക്ഷീരകര്‍ഷക സംഗമത്തിന് ആലത്തൂര്‍ അഞ്ചുമൂര്‍ത്തിമംഗലത്ത് തുടക്കമായി. അഞ്ചുമൂര്‍ത്തി ക്ഷീരോത്പാദക സഹകരണ സംഘം ആഥിതേയത്വത്തോടെ സംഘടിപ്പിക്കുന്ന പരിപാടി കെ.ഡി. പ്രസേനന്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. ഹേമലത അധ്യക്ഷയായി.

ജനങ്ങള്‍ക്ക് ആവശ്യമായ പാലുല്‍പാദിപ്പിക്കാന്‍ മലബാര്‍ മേഖലയിലെ ക്ഷീര കര്‍ഷകര്‍ പ്രാപ്തരായെന്നും മധ്യ- തെക്കന്‍മേഖലയിലേക്കു കൂടി എത്തിക്കാനാവുന്ന അളവിലുള്ള പാലും ഇന്ന് മലബാര്‍ ക്ഷീരകര്‍ഷകര്‍ ഉത്പാദിപ്പിക്കുന്നുണ്ടെന്നും കെ.ഡി. പ്രസേനന്‍ എം.എല്‍.എ പറഞ്ഞു. ക്ഷീരകര്‍ഷകര്‍ക്ക് മുന്‍തൂക്കം നല്‍കുന്ന കേരളത്തിലെ നല്ല കര്‍ഷസംഘങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് മലബാര്‍ മേഖല. മാത്രമല്ല ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന ഗുണനിലവാരം കുറഞ്ഞ ഉല്‍പ്പന്നങ്ങള്‍ വാങ്ങി ഉപയോഗിക്കുന്ന ശീലം മാറ്റാന്‍ ജില്ലയിലെ ക്ഷീരകര്‍ഷരുടെ പ്രവര്‍ത്തനം കൊണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി. ഗംഗാധരന്‍, ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ. കൃഷ്ണകുമാര്‍,  വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് മെമ്പര്‍ പ്രവീണ സന്തോഷ്, നെന്മാറ ഗ്രാമപഞ്ചായത്ത് മെമ്പര്‍ രശ്മി തുടങ്ങിയവര്‍ സംസാരിച്ചു.

ശ്രദ്ധേയമായി കന്നുകാലി പ്രദര്‍ശനം

ജില്ലാ ക്ഷീരകര്‍ഷക സംഗമത്തിന്റെ ഭാഗമായി നടന്ന കന്നുകാലി പ്രദര്‍ശനം ശ്രദ്ധയമായി. പ്രദര്‍ശനത്തില്‍ വിജയിച്ച കന്നുകാലികള്‍ക്കുള്ള പ്രത്യേക മെഡലുകള്‍ കെ.ഡി. പ്രസേനന്‍ എം.എല്‍.എ വിതരണം ചെയ്തു. കറവപ്പശു വിഭാഗത്തില്‍ അഞ്ചുമൂര്‍ത്തി മംഗലത്തെ ക്ഷീരകര്‍ഷകനായ വിജയ നിവാസ് കെ ഗോവിന്ദന്‍കുട്ടിയുടെ പശു ഒന്നാം സ്ഥാനത്തും അഞ്ചുമൂര്‍ത്തി പൊട്ടന്‍കുളങ്ങര എല്‍ദോസിന്റെ പശു രണ്ടാം സ്ഥാനത്തും അഞ്ചുമൂര്‍ത്തി പാണ്ടാംകോട് ദേവകിയുടെ പശു രണ്ടാം സ്ഥാനത്തും എത്തി. കന്നുക്കുട്ടി വിഭാഗത്തില്‍ ചീകോട് ദേവകി, കാന്തളം ജോയ് അബ്രഹാം, വിജയനിവാസ് കെ ഗോവിന്ദന്‍കുട്ടി എന്നീ ക്ഷീരകര്‍ഷകരുടെ കന്നുക്കുട്ടികള്‍ ആദ്യമൂന്നു സ്ഥാനങ്ങള്‍ കരസ്ഥമാക്കി. കിടാരി വിഭാഗം മത്സരത്തില്‍ വിജയനിവാസ് കെ ഗോവിന്ദന്‍കുട്ടി, മേലാട്ട് വീട് വേലായുധന്‍, ചീകോട് ഏച്ചന്‍വീട് കൃഷ്ണദാസന്‍ എന്നീ കര്‍ഷകരുടെ പശുക്കള്‍ക്കാണ് ആദ്യമൂന്നു സ്ഥാനങ്ങള്‍.

ക്ഷീരകര്‍ഷകര്‍ക്കായുള്ള ഡെയറി ക്വിസ് മത്സരം: ശ്രീകൃഷ്ണപുരം ബ്ലോക്ക് ടീമിന് ഒന്നാം സ്ഥാനം

അഞ്ചുമൂര്‍ത്തിമംഗലം ക്ഷീരസംഘം ഹാളില്‍ ക്ഷീരകര്‍ഷകര്‍ക്കായുള്ള ഡെയറി ക്വിസ് മത്സരം സംഘടപ്പിച്ചു. പാലക്കാട് ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ നിന്നുള്ള രണ്ടു പേരടങ്ങുന്ന ഗ്രൂപ്പുകളായി എത്തിയ ക്ഷീരകര്‍ഷകര്‍ ഡെയറി ക്വിസ് മത്സരത്തില്‍ പങ്കെടുത്തു. മത്സരത്തില്‍ ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് ടീം രണ്ടും, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് ടീം മൂന്നും സ്ഥാനങ്ങള്‍ നേടി. ഇവര്‍ക്കുള്ള സമ്മാനദാനം ക്ഷീര കര്‍ഷക സംഗമത്തിന്റെ സമാപനസമ്മേളത്തില്‍ വിതരണം ചെയ്യും. ശ്രീകൃഷ്ണപുരം ക്ഷീരവികസന ഓഫീസര്‍ നന്ദിനി, പട്ടാമ്പി ക്ഷീരവികസന ഓഫീസര്‍ സി. ജെ. ജാസ്മിന്‍, പാലക്കാട് ഡയറി ഫാം ഇന്‍സ്ട്രക്ടര്‍ റമീസ്, മലമ്പുഴ ഡയറി ഫാം ഇന്‍സ്ട്രക്ടര്‍ പി. ദിവ്യ എന്നിവര്‍ ക്വിസ് മത്സരത്തിന് നേതൃത്വം നല്‍കി.

ക്ഷീരകര്‍ഷകര്‍ക്കുള്ള ശില്‍പ്പശാല നടന്നു

അഞ്ചുമൂര്‍ത്തിമംഗലം ക്ഷീരസംഘം പരിസരത്തു നടന്ന ക്ഷീരസംഘം കര്‍ഷകര്‍ക്കുള്ള ശില്‍പ്പശാല വി.ടി ബല്‍റാം എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. ആലത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ജി ഗംഗാധരന്‍ അധ്യക്ഷനായി. തുടര്‍ന്ന് ‘ക്ഷീര സഹകരണമേഖലയിലെ നേതൃത്വ പാടവം, വ്യക്തിത്വ വികസനം- കാലഘട്ടത്തിന്റെ അനിവാര്യത’ എന്ന വിഷയത്തില്‍ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ- ഓപ്പറേറ്റിവ് മാനേജ്മെന്റിലെ ട്രെയിന്ംഗ് ഫാക്കല്‍ട്ടി പാട്രിക് എം. കല്ലട ക്ലാസ് അവതരിപ്പിച്ചു. ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ നിന്നായി നിരവധി ക്ഷീരകര്‍ഷകര്‍ ക്ലാസ്സില്‍ പങ്കെടുത്തു. ആലത്തൂര്‍ ക്ഷീരപരിശീലന കേന്ദ്രം പ്രിന്‍സിപ്പാള്‍ പി.എ ബീന, പന്തപ്പറമ്പ് ക്ഷീരസംഘം പ്രസിഡന്റ് ആര്‍ ഗംഗാധരന്‍, മണിയില്‍പറമ്പ് ക്ഷീരസംഘം സെക്രട്ടറി വേണു, അഞ്ചുമൂര്‍ത്തി ക്ഷീരസംഘം സെക്രട്ടറി എം.കെ വിനോദ് തുടങ്ങിയവര്‍ സംസാരിച്ചു.

കാനറ ബാങ്ക് പ്രതിനിധി അനീഷ് മോഹന്‍ ക്ഷീകകര്‍ഷകര്‍ക്ക് കാലികളെ വാങ്ങാന്‍ സഹായകമാവുന്ന ഡയറി ലോണുകളെക്കുറിച്ചും ബാങ്കുകള്‍ ക്ഷീരകര്‍ഷകര്‍ക്കായി നല്‍കുന്ന മറ്റ് ആനുകൂല്യങ്ങളെക്കുറിച്ചും ക്ലാസ്സ് എടുത്തു.